
മഴ തുടങ്ങിയതോടെ പകർച്ചവ്യാധി ഭീതിയില്‍ കേരളം. 13 ദിവസത്തിനിടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. എലിപ്പനിബാധിച്ച് എട്ടു പേരും, ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അഞ്ചു ദിവസംകൊണ്ടാണ് പതിനായിരത്തിലധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 11,534 പേരാണ് പനി ബാധിച്ച് ചികിത്സയ്ക്കായി മാത്രം ആശുപത്രിയില്‍ എത്തിയത്. ഇതിനോടകം 135 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചുവെങ്കിലും അതില്‍ 51 പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. ഷിഗെല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട് കൂടുതല്‍ ജാഗ്രത തുടരുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

