മിക്ക റേഷൻ കടകളിലും ഓണം സ്‌പെഷൽ അരി തീർന്നു..!!

ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല, തവിട്ട്, പിങ്ക് കാർഡുകൾക്ക് അനുവദിച്ച റേഷൻ സ്‌പെഷൽ അരി ജില്ലയിൽ മിക്ക റേഷൻകടകളിലും തീർന്നു. ആദ്യം കുറേപ്പേർക്കെല്ലാം നൽകിയതിനാൽ അരിയില്ലെന്ന് പറഞ്ഞ് കടയിലെത്തുന്നവരെ മടക്കി അയയ്ക്കുമ്പോൾ മിക്ക കടകളിലു കശപിശയും വാക്കേറ്റവുമുണ്ട്. റേഷൻ വ്യാപാരികൾ ഇതുമൂലം ഏറെ പ്രയാസപ്പെടുന്നു. ഇത്തവണ ഓണം സ്‌പെഷൽ അരി ആവശ്യമായതിന്റെ മൂന്നിലൊന്ന് മാത്രമാണ് ജില്ലയിലെ റേഷൻകടകളിലേക്ക് എത്തിയത്. എല്ലാ റേഷൻ ഉപഭോക്താക്കളും സ്‌പെഷൽ അരി വാങ്ങാനിടയില്ലെന്നായിരുന്നു ഇതിന് അധികൃതർ നൽകിയിരുന്ന വിശദീകരണം. അതുകൊണ്ടാണ് അലോട്ട്മെന്റിൽ കുറവ് വന്നതെന്നും അധികൃതർ വിശദീകരിച്ചിരുന്നു. എന്നാൽ കൂട‌ുതൽ പേരും സ്‌പെഷൽ അരി വാങ്ങാനെത്തുമെന്നായിരുന്നു വ്യാപാരികളുടെ വാദം. ഈ വാദത്തെ ശരിവയ്‌ക്കുന്ന വിധമാണ് നിലവിലെ സാഹചര്യം. പൊതു മാർക്കറ്റിൽ അരിക്ക് വലിയ വിലയുള്ളതിനാൽ ഇത്തവണ ഏറെപ്പേരും റേഷൻ അരി വാങ്ങുന്നുണ്ട്. കഴിഞ്ഞ ഒരാഴ്‌‍ചയായി റേഷൻകടകളിലെല്ലാം നല്ല തിരക്കുണ്ട്.

വെള്ള കാർഡിനും (എൻപിഎൻഎസ്) നീല കാർഡിനും (എൻപിഎസ്) തവിട്ട് കാർഡിനും (എൻപിഐ) 10 കിലോഗ്രാം വീതവും പിങ്ക് കാർഡിന് (പിഎച്ച്എച്ച്) 3 കിലോഗ്രാമും ആണ് ഈ മാസം സ്‌പെഷൽ അരി അനുവദിച്ചിട്ടുള്ളത്. സമീപ ജില്ലകളിലേക്കെല്ലാം ആവശ്യമായ അരി ഏതാണ്ട് പൂർണമായും അനുവദിച്ചപ്പോൾ ജില്ലയ്ക്ക് ഈ ഇനത്തിൽ ലഭിച്ചത് 291 ലോഡ് അരി മാത്രമാണ്.

9193 കിലോഗ്രാം സ്‌പെഷൽ അരി ആവശ്യമായ ഒരു കടയിലേക്ക് 2500 കിലോഗ്രാമാണ് ഇത്തവണ ലഭിച്ചത്. ഒരു വിഭാഗത്തിന് 10 കിലോഗ്രാം നൽകേണ്ടതിനു പകരം 3.400 കിലോയും മറ്റൊരു വിഭാഗത്തിന് 10 കിലോയ്ക്ക് പകരം 4.400 കിലോയും നൽകാനുള്ള അരി മാത്രമാണ് കടകളിലെത്തിയത്. ജില്ലയിൽ 10,74,806 റേഷൻ കാർഡുകളിലായി 48,62,610 ഗുണഭോക്താക്കളുണ്ട്. തിരൂർ 2,45,000, ഏറനാട് 1,72,000, പെരിന്തൽമണ്ണ 1,58,000, നിലമ്പൂർ 1,42,000, പൊന്നാനി 1,30,000, തിരൂരങ്ങാടി 1,25,000, കൊണ്ടോട്ടി 102000 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലെ റേഷൻ കാർഡുകളുടെ കണക്ക്.

ഓണക്കാല വിപണിയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും നിയന്ത്രിക്കുന്നതിനും എല്ലാ റേഷൻ കാർഡ് വിഭാഗങ്ങളിലുമുള്ള ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങളുടെ സമയബന്ധിതമായ ലഭ്യത ഉറപ്പു വരുത്തണമെന്ന് കഴിഞ്ഞ 5ന് സിവിൽ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കിയിരുന്നു. 26 രൂപ തോതിലാണ് സ്‌പെഷൽ അരി നൽകുന്നത്. ഇതിനു പുറമേ നീലകാർഡിന് 4 രൂപ നിരക്കിൽ ഒരാൾക്ക് 2 കിലോ അരിയാണ് ലഭിക്കുക. കൂടാതെ സ്‌പെഷൽ വിഹിതമായി 10.90 രൂപ വിലയ്ക്ക് 3 കിലോ അരിയും നൽകുന്നുണ്ട്..

പിങ്ക് കാർഡിനും 4 കിലോ അരിയാണുള്ളത്. വെള്ള കാർഡിന് 10.90 രൂപ നിരക്കിൽ 7 കിലോ അരിയാണ് നൽകുക. മഞ്ഞ കാർഡിന് നിലവിലെ അരി തന്നെ മാറ്റമില്ലാതെ തുടരുന്നുണ്ട്. തവിട്ട് കാർഡിന് 2 കിലോ അരി 10.90 രൂപ നിരക്കിലാണ് നൽകുന്നത്. വരും ദിവസങ്ങളിൽ ഇനി അരി കൂടുതലായി അനുവദിച്ചാലും ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ബാക്കിയുള്ളവർക്ക് ഓണക്കാലത്ത് ഇനി സ്‌പെഷൽ അരി ലഭിക്കുമോ എന്നു കണ്ടറിയണം..

Leave a Reply

Your email address will not be published. Required fields are marked *