
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ, വടക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ മഴ സജീവമാകാനുള്ള സാധ്യത കൂടുതലാണ്. ചിലയിടങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിക്കാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് ഉച്ചയ്ക്കുശേഷം മഴയ്ക്കും ഇടിമിന്നലിനും സാധ്യത. കോഴിക്കോട് നഗരം, ബേപ്പൂർ, കൊയിലാണ്ടി, താമരശ്ശേരി, അടിവാരം, കക്കായം, ഉള്ളിയേരി, അത്തോളി, ചൂരൽമല, മുക്കം, മാവൂർ, അരീക്കോട്, കൊണ്ടോട്ടി തുടങ്ങിയ പ്രദേശങ്ങളിൽ മഴ ലഭിക്കാം. ചില മേഖലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ 11.2 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് നൽകിയിരിക്കുന്ന വിവരങ്ങൾ. അന്തരീക്ഷ താപനില 23 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയാകാനും സാധ്യതയുണ്ട്.

മലപ്പുറം ജില്ലയിലും മഴ സജീവമാകാൻ സാധ്യതയുണ്ട്. മലപ്പുറം, മഞ്ചേരി, നിലമ്പൂർ, വാണിയമ്പലം, വണ്ടൂർ, പെരിന്തൽമണ്ണ, മേലാറ്റൂർ, ചെട്ടിപ്പടി, കടുങ്ങാത്തുകുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മധ്യകേരളത്തിലും മഴ തുടരാനിടയുണ്ട്. എറണാകുളം ജില്ലയിലെ കൊച്ചി, വൈപ്പിൻ, ചെറായി, പുത്തൻകുരിശ്, തൃപ്പൂണിത്തുറ തുടങ്ങിയ പ്രദേശങ്ങൾക്കൊപ്പം ഇടുക്കിയിലെ നേര്യമംഗലം, മൂന്നാർ, മുരിക്കാശ്ശേരി, വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിലും മഴ ലഭിക്കാം. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്, പാലാ, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിലും മഴ തുടർന്നേക്കാം. ആലപ്പുഴ, ഹരിപ്പാട്, കായംകുളം, കോഴഞ്ചേരി, കോന്നി, കൊല്ലം, പുനലൂർ, വർക്കല, കല്ലമ്പലം, കടയ്ക്കൽ, നെടുമങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത.
ഇടിമിന്നലിൽ ജാഗ്രത പാലിക്കണം
ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും യാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണം. ഇടിമിന്നൽ അനുഭവപ്പെടുമ്പോൾ മരച്ചുവട്ടിൽ അഭയം തേടരുത്. സുരക്ഷിതമായ കെട്ടിടത്തിനുള്ളിലോ അടച്ചിട്ട വാഹനത്തിനുള്ളിലോ അഭയം തേടണം. മഴ ശക്തമാകുന്ന സമയത്ത് വെള്ളക്കെട്ടുള്ള റോഡുകളിലൂടെയും നീരൊഴുക്ക് ശക്തമായ പ്രദേശങ്ങളിലൂടെയും കടന്നുപോകുന്നത് ഒഴിവാക്കണം.

