മുന്‍മന്ത്രിയും മുസ്‍ലിംലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു.

മുൻമന്ത്രിയും മുസ്ലിംലീ​ഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വ വൈകുന്നേരം മൂന്നരയോടെയാണ് അന്ത്യം. നദീറയാണ് ഭാര്യ. മക്കൾ: അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി ഇ ആബ്ബാസ്, വി ഇ അനൂപ്. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് ഇരുപതിനാണ് ഇബ്രാഹിംകുഞ്ഞിന്റെ ജനനം. മുസ്ലിം ലീഗിൻറെ വിദ്യാർഥി സംഘടനയായ എംഎസ്എഫിലൂടെ പൊതുരം​ഗത്തേക്കെത്തി. പിന്നീട് യൂത്ത് ലീഗ്, എറണാകുളം ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. നാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. കൊച്ചിൻ ഇന്‍റര്‍നാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്‍ഡിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലൻറ് ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കേരള നിയമസഭയുടെ അഷൂറൻസ് കമ്മറ്റി ചെയർമാൻ, ചന്ദ്രിക പത്രത്തിൻറെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *