
ലൈംഗികപീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചു. രാഹുലിനെതിരേ യുവമോർച്ചയുടെയും ഡിവൈഎഫ്ഐയുടെയും കടുത്ത പ്രതിഷേധമാണുണ്ടായത്. റിമാൻഡിൽ കഴിയുന്ന രാഹുലിനെ ചൊവ്വാഴ്ച ഹാജരാക്കാൻ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി രാഹുലിനെ ജയിലിന് പുറത്തിറക്കിയപ്പോഴും വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും തുടർന്ന് അടുത്തുള്ള കോടതി പരിസരത്ത് എത്തിച്ചപ്പോഴുമെല്ലാം വലിയ പ്രതിഷേധമുയർന്നു. ‘നമ്പർ വൺ കോഴി’ എന്നെഴുതിയ ട്രോഫിക്കു മുകളിൽ രാഹുലിന്റെ ചിത്രം പതിച്ച ട്രോഫിയുമായാണ് യുവമോർച്ച പ്രതിഷേധത്തിനെത്തിയത്. കോഴിയുടെ ചിത്രം ഉയർത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. വിവിധ സംഘടനകൾ ഒന്നിച്ചെത്തിയതോടെ ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് രാഹുലിനെ മാവേലിക്കര സബ്ജയിലിൽനിന്ന് പുറത്തിറക്കിയും വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചതും പിന്നീട് കോടതിയിലെത്തിച്ചതും. കഴിഞ്ഞദിവസം പ്രതിഭാഗം നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് രാഹുലിനെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ജാമ്യാപേക്ഷയിൽ വിധിപറയും. കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് ചൊവ്വാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് സൂചന. കാനഡയിൽ ജോലിചെയ്യുന്ന കോട്ടയം സ്വദേശിയായ 31-വയസ്സുകാരിയാണ് പരാതിക്കാരി. 2024 ഏപ്രിൽ എട്ടിന് തിരുവല്ലയിലെ ഹോട്ടലിൽവെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഗർഭിണിയായെന്നും പിന്നീട് ഗർഭം സ്വയം അലസിപ്പോയെന്നും സൂംവീഡിയോ കോളിൽ എസ്ഐടിക്ക് നൽകിയ മൊഴിയിലുണ്ട്. പരസ്പരസമ്മതപ്രകാരമാണ് ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് ജാമ്യഹർജിയിൽ പ്രതിഭാഗം പറയുന്നത്. ബാക്കി ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.

