പാമ്പുകടിയേറ്റ രോഗിയുടെ ജീവൻ രക്ഷിച്ച് തിരൂർ ജില്ലാ ആശുപത്രി മെഡിക്കൽ സംഘം

മാരകവിഷമുള്ള മൂർഖൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ എത്തിയ രോഗിയുടെ ജീവൻ രക്ഷിച്ച് തിരൂർ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സംഘം മാതൃകാപരമായ സേവനം കാഴ്ചവച്ചു.
മൂർഖൻ്റെ കടിയേറ്റ് ശരീരം മുഴുവൻ തളരുകയും ന്യൂറോമസ്കുലാർ പരാലിസിസ് സംഭവിക്കുകയും ചെയ്ത നിലയിലാണ് രോഗിയെ തിരൂർ ജില്ലാ ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചത്. അതീവ ഗുരുതരമായ സാഹചര്യം മനസ്സിലാക്കി കാഷ്വാലിറ്റിയിലെ ഡോക്ടർമാർ സമയോചിതമായി ചികിത്സ ആരംഭിച്ചു. രോഗിക്ക് 20 യൂണിറ്റ് ആന്റിവെനം നൽകുകയും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് അടിയന്തര ജീവൻരക്ഷാ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.രോഗിയെ ഇൻ്റുബേറ്റ് ചെയ്ത്
കൃത്രിമ ശ്വാസോപകരണങ്ങളുടെ സഹായത്തോടെയും ഓക്സിജൻ പിന്തുണയോടെയും രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി സുരക്ഷിതമായി മറ്റൊരാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.രോഗി അപകട നില അടുത്ത ദിവസം തന്നെ തരണം ചെയ്യുകയും ശ്വാസതടസ്സം മാറുകയും ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നു.
കാഷ്വാലിറ്റി ചീഫ് മെഡിക്കൽ ഓഫീസർമാരായ ഡോ. ഷിജ, ഡോ. നിഖിത, ഫിസിഷ്യൻ ഡോ. ലക്ഷ്മി, അനസ്തീഷ്യ വിദഗ്ധൻ ഡോ. അൻവർ, സ്റ്റാഫ് നഴ്‌സ് ആഷിഖ് ,മറ്റു സ്റ്റാഫ് നഴ്‌സുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ ഇടപെടൽ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി.നഴ്‌സിംഗ് ഓഫീസർ ശ്രീ ആഷിഖ് രോഗിയെ ആംബുലൻസിൽ അനുഗമിക്കുകയും വിദഗ്ദ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
പരിമിതമായ ഭൗതികസൗകര്യങ്ങളും സ്ഥലപരിമിതിയും നിലനിൽക്കുന്ന സാഹചര്യത്തിലും തിരൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും കാഴ്ചവെച്ച ആത്മസമർപ്പണവും പ്രൊഫഷണൽ മികവും അഭിനന്ദനാർഹമാണ്. അടിയന്തര ചികിത്സാ രംഗത്ത് സർക്കാർ ആശുപത്രികൾ നൽകുന്ന മികച്ച സേവനത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ ജീവൻരക്ഷാ പ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *