
കേരളത്തിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കടലാക്രമണ സാധ്യത ഉയർന്നതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ( മുന്നറിയിപ്പ് നൽകി. ഇതോടൊപ്പം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും തീരങ്ങളിൽ ജൂലൈ 29 പുലർച്ചെ 5.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് 1.0 മുതൽ 1.3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം, കന്യാകുമാരി തീരത്ത് ജൂലൈ 29 രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാനും കടലാക്രമണ സാധ്യത നിലനിൽക്കുന്നതായും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധന ഉപകരണങ്ങൾ, വള്ളങ്ങൾ, മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണം. വിനോദസഞ്ചാരികളും പൊതുജനങ്ങളും മുന്നറിയിപ്പുള്ള സമയത്ത് കടൽത്തീരങ്ങളിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണം. കടലിൽ കുളിക്കാനോ തിരമാലകൾക്ക് സമീപം നിൽക്കാനോ ശ്രമിക്കരുതെന്നും ദുരന്തനിവാരണ അധികൃതർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത
കേരളത്തിൽ ഇന്നും നാളെയും (ജൂലൈ 28, 29) മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ കാറ്റിന്റെ ശക്തി വർധിച്ച് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

