അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാം. ഇതിന് അനുമതി നൽകി സർക്കാർ ഇന്നലെ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ചാണിത്. നായകളെ എങ്ങനെ, എപ്പോൾ കൊല്ലാമെന്നതിന് വിശദമായ മാർഗനിർദ്ദേശം ഉടൻ പുറത്തിറക്കും.
നേരത്തെ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് 9 ലക്ഷത്തോളം തെരുവുനായകളാണുള്ളത്. അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ മേയ് 19നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ,​ വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. അത് പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഒരു മാസത്തിനുള്ളിൽ കൃത്യമായ നടപടി കൈക്കൊള്ളാനാവുമെന്നാണ് തദ്ദേശവകുപ്പ് കരുതുന്നത്.

5 വർഷത്തിനിടെ കടിയേറ്റത് 15 ലക്ഷം പേർക്ക്

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15,02,737പേർക്കാണ് സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റത്. 122 പേർ പേവിഷബാധയേറ്റ് മരിച്ചു. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുന്നു. 2021ൽ 2,21,379 പേർക്കാണു കടിയേറ്റത്. 2025ൽ അത് 3,69,272 ആയി. 2021ൽ 11 ആയിരുന്ന മരണസംഖ്യ 2025ൽ 33 ആയി.തിരുവനന്തപുരത്താണ് കൂടുതൽ പേർക്ക് കടിയേറ്റത് – 58,108.

കൊല്ലേണ്ടത് അനുകമ്പാപൂർവം

* പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെയാണ് കൊല്ലേണ്ടത്.
* മരുന്ന് കുത്തിവച്ച് അനുകമ്പാപൂർവം കൊല്ലണമെന്നതാണ് പ്രാഥമിക നയം.
* ആക്രമണം പതിവായ സ്ഥലങ്ങളിലാണ് നായകളെ കൊല്ലാവുന്നത്.
* മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും അനിമൽ ബെർത്ത് കൺട്രോൾ ചട്ടങ്ങളും പാലിക്കണം.
* തദ്ദേശ സ്ഥാപനങ്ങൾ,ആരോഗ്യം-വെറ്ററിനറിവകുപ്പുകൾ എന്നിവയുടെ ഏകോപനം വേണം
* വന്ധീകരണപദ്ധതികൾ സമാന്തരമായി നടപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *