മെസി വിവാദം: റിപ്പോർട്ടിന് പിന്നിൽ വ്യക്തമായ ലക്ഷ്യം; കരാർ സുതാര്യമെന്ന് യു ഷറഫലി

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ സമർപ്പിച്ചിട്ടുള്ള അന്വേഷണ റിപ്പോർട്ട് പരിശോധിച്ചാൽ തന്നെ അത് ആരെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാകുമെന്ന് മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തയാറാക്കിയ റിപ്പോർട്ടിൽ പലയിടത്തും അന്നത്തെ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ പരാമർശങ്ങളുണ്ട്. കാര്യങ്ങൾ നേരെ ചൊവ്വേ പറയാതെയുള്ള ഈ റിപ്പോർട്ട് പരിശോധിച്ചാൽ തന്നെ ആരെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു

കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ ഭാഗത്തെ സാക്ഷിയായിരുന്നു താൻ. ഡിജിറ്റലായാണ് ഒപ്പിട്ടത്. സ്പോർട്സ് കൗൺസിലുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാർ രൂപീകരണത്തിലൂടെ സംസ്ഥാന സർക്കാരിന് യാതൊരുവിധ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. എല്ലാവിധ നടപടികളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) കൃത്യമായ അനുമതിയോടെയാണ് പൂർത്തിയാക്കിയത്. സ്പോൺസർമാർ തന്നെ കരാറുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുള്ളതാണ്. തീർത്തും സുതാര്യമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോയതെന്നും നിലവിലെ വിവാദങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കരാറില്ലെന്ന വാദം തെറ്റാണെന്നും ഷറഫലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *