കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; മഞ്ഞ അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസവും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ ഒക്ടോബർ 4 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യത. ഒക്ടോബർ 1, 4 തീയതികളിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇടുക്കിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 30, ഒക്ടോബർ 3 തീയതികളിൽ സാധാരണ മഴയും ഒക്ടോബർ 1, 2, 4 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുമാണ് പ്രവചനം. ഈ ദിവസങ്ങളിലും മഞ്ഞ അലർട്ട് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ സെപ്റ്റംബർ 30, ഒക്ടോബർ 3 തീയതികളിൽ നേരിയ മഴയ്ക്കും ഒക്ടോബർ 1, 2, 4 തീയതികളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുമാണ് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഒക്ടോബർ 4 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 4-ന് ഈ ജില്ലകളിൽ നേരിയ മഴയായിരിക്കും പ്രതീക്ഷിക്കുന്നത്.

ഇടിമിന്നൽ ജാഗ്രത; ശക്തമായ കാറ്റിനും സാധ്യത

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഒക്ടോബർ 1, 2 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുംശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 3, 4 തീയതികളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *