തൃശൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി മലപ്പുറം സ്വദേശിനിക്ക് നേരെ ക്രൂരമായ കൂട്ടബലാത്സംഗം: കാമുകന്റെ ഭാര്യയടക്കം അഞ്ചുപേർ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ..!

തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് തട്ടിക്കൊണ്ടുപോയി മലപ്പുറം സ്വദേശിനിയായ യുവതിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്റെ ഭാര്യയും തമിഴ്നാട് സ്വദേശികളായ ക്വട്ടേഷൻ സംഘാംഗങ്ങളും ഉൾപ്പെടെ അഞ്ചുപേരെ തൃശൂർ ഈസ്റ്റ് പോലീസ് തമിഴ്നാട്ടിൽ നിന്ന് സാഹസികമായി പിടികൂടി.

​ഗുണശേഖരൻ എന്നയാളുമായി സൗഹൃദത്തിലായിരുന്ന മലപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞ മാസം 22-ന് തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. എന്നാൽ ഗുണശേഖരന് മറ്റ് പല സ്ത്രീകളുമായും ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ഇയാളുടെ സുഹൃത്ത് പാൽരാജ്, അസൂയ കാരണം വിവരം ഗുണശേഖരന്റെ ഭാര്യ ദേവിയെ അറിയിക്കുകയായിരുന്നു.

തുടർന്ന് ഭർത്താവിനെയും യുവതിയെയും പാഠം പഠിപ്പിക്കുന്നതിനായി ദേവി സുഹൃത്തായ തോമസിന് ക്വട്ടേഷൻ നൽകുകയായിരുന്നു. തമിഴ്നാട് പോലീസിലെ പരിശീലനം പാതിവഴിയിൽ ഉപേക്ഷിച്ചയാളാണ് തോമസ്.

​ദേവിയും തോമസും പാൽരാജും സുഹൃത്തുക്കളായ ശങ്കർ, രഘുപതി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം രണ്ട് കാറുകളിലായി തൃശൂരിലെത്തുകയും പഴയ പോലീസ് ഐഡന്റിറ്റി കാർഡ് കാണിച്ച് ലോഡ്ജ് മുറിയിലേക്ക് അതിക്രമിച്ചുകയറുകയുമായിരുന്നു. തുടർന്ന് ഗുണശേഖരനെയും യുവതിയെയും ക്രൂരമായി മർദ്ദിച്ച് ബലമായി കാറുകളിൽ കയറ്റി തമിഴ്നാട്ടിലേക്ക് കടത്തി.

യാത്രയ്ക്കിടയിൽ ഗുണശേഖരന്റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം ഇയാളെ തമിഴ്നാട്ടിലെ ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചു. അതിനുശേഷം യുവതിയെ മറ്റൊരു കാറിലിട്ട് സംഘം ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

​സംഭവത്തിനുശേഷം രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി നിലമ്പൂർ പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറത്തറിയുന്നത്. കേസ് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി പ്രതികളെ വലയിലാക്കുകയുമായിരുന്നു. കാമുകന്റെ ഭാര്യ ദേവി, തിരുപ്പൂർ സ്വദേശി തോമസ്, കോയമ്പത്തൂർ സ്വദേശികളായ പാൽരാജ്, ശങ്കർ, പളനി സ്വദേശി രഘുപതി എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *