
ഹൂസറ്റണ്‍: 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ജര്‍മ്മനിയും ആദ്യമായി ലോകകപ്പ് കളിക്കുന്ന കുറസാവോയും ഇന്ന് ഏറ്റുമുട്ടും. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മല്‍സരം. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്ന ആദ്യ മല്‍സരമാണിത്. നാല് തവണ ലോക ചാംപ്യന്മാരായ ജര്‍മ്മനി മുന്‍ ലോകകപ്പുകളിലെ മോശം തുടക്കങ്ങള്‍ മറികടന്ന് ശക്തമായ തിരിച്ചുവരവിനാണ് ഇറങ്ങുന്നത്. മറുവശത്ത്, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ യോഗ്യത നേടുന്ന ഏറ്റവും ചെറിയ ജനസംഖ്യയുള്ള രാജ്യമാണ് (ഏകദേശം 1.55 ലക്ഷം പേര്‍) കുറസാവോ. ജമാല്‍ മുസിയാലയേയും ഫ്ലോറിയന്‍ വിര്‍ട്സിനെയും പോലെയുള്ള മിടുക്കന്‍മാരുള്ള മധ്യനിരയാണ് ടീമിന്റെ നട്ടെല്ല്. ഒരേ സമയം തന്ത്രങ്ങള്‍ മെനയാനും ആഞ്ഞടിക്കാനും കെല്‍പുള്ളവര്‍. കൈ ഹാവെര്‍ട്സ്, നിക്ക് വോള്‍ട്ടെമേഡ് തുടങ്ങിയ മിടുക്കന്‍മാരും അവര്‍ക്കൊപ്പം ചേരുമ്പോള്‍ ടീം ഭദ്രം. പിള്ളേര്‍ക്കൊപ്പം അനുഭവസമ്പത്തിന്റെ കരുത്തുള്ള മാനുവല്‍ നോയര്‍ ഗോള്‍കീപ്പറായി തിരിച്ചെത്തിയിട്ടുണ്ട്. ഒപ്പം മാര്‍ക്ക് ആന്‍ഡ്രെ ടെര്‍ സ്റ്റെഗനുമുണ്ട്. ഇവരെയെല്ലാവരെയും നയിക്കാനുള്ളത് ജോഷ്വ കിമ്മിച്ച്. 31 വയസ്സേയുള്ളൂ. പഴയ ജര്‍മന്‍ നായകന്‍ ഫിലിപ്പ് ലാമുമായി പലപ്പോഴും ആരാധകര്‍ തുലനം ചെയ്യാറുണ്ട് കിമ്മിച്ചിനെ. കിറുകൃത്യം പാസിങ്ങ്, വേഗത, തന്ത്രജ്ഞത ഒപ്പം ഒന്നാന്തരം നായകഗുണവും. അതാണ് കിമ്മിച്ച്. രണ്ട് ലോകകപ്പുകളിലെ തിരിച്ചടി മാറ്റാനുള്ള ദൗത്യമേറ്റെടുത്ത് ടീമിനെ പരിശിലീപ്പിക്കുന്നത് ജൂലിയന്‍ നാഗെല്‍സ്മാന്‍. ഏറ്റവും പ്രായം കുറഞ്ഞ ജര്‍മന്‍ കോച്ച് എന്ന റെക്കോഡ് എഴുതിച്ചേര്‍ത്താണ് നഗെല്‍സ്മാന്റെ വരവ്.

