ഇന്ന് മുതൽ ഇടിയോടെ മഴ സാധ്യത, മലവെള്ളപ്പാച്ചിൽ, മിന്നൽ ജാഗ്രത

കേരളത്തിൽ ഇന്ന് മുതൽ ഇടിയോടുകൂടിയുള്ള മഴയ്ക്ക്  സാധ്യത. ഉച്ചയ്ക്കു ശേഷവും വൈകിട്ടും രാത്രിയിലും ആണ് മഴ സാധ്യത. തുലാവർഷത്തിന്റെ  സ്വഭാവത്തോടെയുള്ള മഴയായിരിക്കും ഉണ്ടാവുക.

കിഴക്കൻ മേഖലകളിലാണ് ആദ്യം മഴ റിപ്പോർട്ട് ചെയ്യുക. തുടർന്ന് ഇടനാട് പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. ഒക്ടോബർ ഒന്നിന് ശേഷം കാറ്റിന്റെ ഗതിയിൽ മാറ്റം വരുന്നതിനാൽ കേരളത്തിൽ ഇടിയോടുകൂടെ മഴയ്ക്ക് സാധ്യതയുണ്ട്

കാലവർഷം പോലെ പകൽ മഴ ഉണ്ടാകാൻ സാധ്യത കുറവാണ്. പകരം ഉച്ചവരെ ശക്തമായ വെയിലും പകൽ താപനില കുടുതലും ആയിരിക്കും. തീരദേശങ്ങളിലും മഴ ലഭിക്കണമെന്നില്ല. കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു.

മലവെള്ളപാച്ചിൽ സാധ്യത

കിഴക്കൻ മേഖലയിൽ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ അരുവികളിലും തോടുകളിലും കിഴക്കൻ മേഖലകളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴകളിലും ഇറങ്ങുന്നത് ഒഴിവാക്കണം. പുഴയിൽ വെള്ളമില്ലെങ്കിലും പാറയിലും മറ്റും കയറി ഫോട്ടോ എടുക്കുന്നത് മലവെള്ളപ്പാച്ചിൽ സമയത്ത് ദുരന്തത്തിന് കാരണമാകും. മലയുടെ അടിവാരത്ത് മഴയില്ലെങ്കിലും മലമുകളിൽ കനത്ത മഴ പെയ്യുന്നത് കാണാൻ കഴിയണമെന്നില്ല.

ഇടിമിന്നൽ ജാഗ്രത വേണം

ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉയർന്ന പ്രദേശങ്ങളിലും തുറസ്സായ മേഖലകളിലും നിൽക്കുന്നത് അപകടകരമാണ്. കിഴക്കൻ മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം വിനോദസഞ്ചാരത്തിന് പോകുന്നത് സുരക്ഷിതമല്ല.

തെക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യത

തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും ആണ് ഇന്ന് കൂടുതൽ മഴ സാധ്യത. ഇടുക്കി ജില്ലയിലാണ് കേരളത്തിൽ ഇന്ന് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് മഴ പ്രതീക്ഷിക്കാം.

ശനി മുതൽ വടക്ക് മഴ സാധ്യത

വടക്കൻ ജില്ലകളിൽ ഇന്ന് മഴ സാധ്യത കുറവാണ്. എങ്കിലും കിഴക്കാൻ മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. വെള്ളിയാഴ്ച മലപ്പുറം ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ മഴ സാധ്യത പ്രതീക്ഷിക്കുന്നു. ശനിയാഴ്ചയോടെ വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *