
മാസങ്ങൾക്ക് മുൻപ് നടന്ന പ്രളയദുരന്തത്തിൽ നിന്ന് ഇത് വരെ കരകയറിയിട്ടില്ലാത്ത നേപ്പാളിലേക്കിതാ വീണ്ടും പ്രളയ ദുരന്തം ഒഴുകിയെത്തിയിരിക്കുന്നു. ഗൂർഖ ജില്ലയിൽ ബുധി ഗന്ധകി നദിയിലുണ്ടായ അപ്രതീക്ഷിത ജലനിരപ്പ് ഉയർച്ചയെ തുടർന്നുണ്ടായ പ്രളയത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതിക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ഇതുവരെ ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.

പത്ത് മിനിറ്റിനുള്ളിൽ രണ്ടു മീറ്ററിലധികം ജലനിരപ്പുയർന്നു
ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്നാണ് ചുംനുബ്രി ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായത്. രാവിലെ 6.30-ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് 8.40-ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററിലെത്തി. വെറും പത്ത് മിനിറ്റിനുള്ളിൽ ജലനിരപ്പ് രണ്ടു മീറ്ററിലധികം ഉയർന്നതായും നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
പ്രളയം സംഭവിച്ചത് ഇത്തവണയും മഴമൂലമല്ല
നദിയിലെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് വെള്ളം കരകവിഞ്ഞതാണ് പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഴ മൂലമല്ല പ്രളയമുണ്ടായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പാലങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയതിനാൽ നാശനഷ്ടങ്ങളുടെ പൂർണവിവരങ്ങൾ ലഭ്യമായിട്ടില്ല.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ
ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനായി നേപ്പാൾ സൈന്യത്തെ വിന്യസിച്ചു. വ്യോമനിരീക്ഷണവും സ്ഥിതിഗതികൾ വിലയിരുത്തലും നടത്തിയ സൈന്യം, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ജഗത് മേഖലയിൽ നിന്ന് ആറുപേരെ വിമാനമാർഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ഞായറാഴ്ച വൈകുന്നേരം വരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.

