
സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വാഹനങ്ങള്‍ അനധികൃതമായി രൂപമാറ്റം (Vehicle Modification) വരുത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ് (MVD). പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ മെയ് മാസം മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ മാത്രം 7,360 വാഹന ഉടമകളില്‍ നിന്നായി 5.7 കോടി രൂപയാണ് എം.വി.ഡി പിഴയീടാക്കിയത്. പാലക്കാട് ലഭിച്ച വിവരാവകാശ രേഖകളാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിപ്പിച്ച് മോഡിഫിക്കേഷന് ഇറങ്ങിയ ചെറുപ്പക്കാര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

പുതിയ സർക്കാർ വന്ന ശേഷമുള്ള നടപടി:
പുതിയ സർക്കാർ അധികാരമേറ്റ മെയ് മാസം മുതൽ ഓഗസ്റ്റ് 25 വരെയുള്ള ചുരുങ്ങിയ കാലയളവിൽ മാത്രം 7,360 വാഹന ഉടമകളിൽ നിന്നായി 5.7 കോടി രൂപ പിഴയീടാക്കി.
ഹൈക്കോടതി നിർദ്ദേശം കടുപ്പിച്ചു: ഒരു വാഹനത്തിൽ വരുത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും വെവ്വേറെ 5,000 രൂപ വീതം പിഴ ചുമത്താൻ ഹൈക്കോടതി ഉത്തരവിട്ടതോടെ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി.
6 വർഷത്തിനിടെ 145 കോടി പിഴ: കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് 1.04 ലക്ഷം വാഹനങ്ങൾക്കെതിരെ അനാവശ്യ രൂപമാറ്റത്തിന് നടപടിയെടുക്കുകയും 145 കോടി രൂപ പിഴയിനത്തിൽ ചുമത്തുകയും ചെയ്തു.
അനുമതിയോടെ 7 മാറ്റങ്ങൾ വരുത്താം: ആർ.സിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ബോഡി നിറം മാറ്റൽ, എൻജിൻ മാറ്റം, ഷാസി മാറ്റം, ഭിന്നശേഷി സൗഹൃദമാക്കൽ ഉൾപ്പെടെയുള്ള 7 മാറ്റങ്ങൾക്ക് മുൻകൂറോടെ അനുമതി നൽകി ഗതാഗത കമ്മീഷണറുടെ ഉത്തരവും പുറത്തിറങ്ങി.
2026-ല്‍ മാത്രം ഇതുവരെ 15,784 വാഹനങ്ങള്‍ അനാവശ്യമായി രൂപമാറ്റം വരുത്തിയതിന് പിടിയിലായിട്ടുണ്ട്. ഈ ഇനത്തില്‍ ആകെ 12.66 കോടി രൂപയാണ് ഇതുവരെ ചലാന്‍ നല്‍കിയിട്ടുള്ളത്.
ഓരോ മോഡിഫിക്കേഷനും വെവ്വേറെ 5,000 രൂപ പിഴ; കടുപ്പിച്ച് ഹൈക്കോടതി
മുന്‍പ് വാഹനം പിടികൂടുമ്പോള്‍ ആകെയുള്ള നിയമലംഘനത്തിന് ഒരു തുക മാത്രം പിഴ ഈടാക്കിയിരുന്ന രീതി ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ കശനമായ ഇടപെടലോടെ മാറി. അടൂരില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വാഹനം പരിശോധിച്ച കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ണ്ണായക നിര്‍ദ്ദേശം നല്‍കിയത്.
ഒന്നിലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഓരോ രൂപമാറ്റത്തിനും വെവ്വേറെ 5,000 രൂപ വീതം പിഴ ഈടാക്കണം എന്ന് കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. ഉദാഹരണത്തിന്, വീതികൂടിയ ടയറുകള്‍, വലിയ സൈലന്‍സറുകള്‍, അധിക എല്‍.ഇ.ഡി ലൈറ്റുകള്‍, എക്സ്ട്രാ ഫ്രെയിം എന്നിവ ഒരു വാഹനത്തിലുണ്ടെങ്കില്‍ ഓരോന്നിനും 5,000 രൂപ വെച്ച് ആകെ 20,000 രൂപ വരെ പിഴ ചുമത്തേണ്ടിവരും.
ബൈക്കുകളും ബസുകളും മുന്നില്‍; കുടിശ്ശിക 19.62 കോടി!
ഇരുചക്രവാഹനങ്ങളായ ബൈക്കുകള്‍, സ്കൂട്ടറുകള്, കൂടാതെ പ്രൈവറ്റ്/ടൂറിസ്റ്റ് ബസുകള്‍ എന്നിവയിലാണ് ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ മോഡിഫിക്കേഷനുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഒന്നില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങളാണ് ഏറെയും.
വീതികൂടിയ ടയറുകള്‍ ഇടുക (ഇത് മറ്റു യാത്രക്കാര്‍ക്ക് ചെളിയും വെള്ളവും തെറിക്കാന്‍ ഇടയാക്കുന്നു).
കമ്പനി അനുമതിയില്ലാതെ സ്ട്രൈക്കിംഗ് കളറുകള്‍ നല്കല്.
തീ തുപ്പുന്നതും അമിത ശബ്ദമുണ്ടാക്കുന്നതുമായ പുകക്കുഴലുകള്‍ (Exhaust) ഘടിപ്പിക്കല്‍.
കാല്‍നടയാത്രക്കാരുടെയും എതിരേ വരുന്ന ഡ്രൈവര്‍മാരുടെയും കണ്ണഞ്ചിക്കുന്ന അതിതീവ്ര എല്‍.ഇ.ഡി ലൈറ്റുകള്‍.
അതേസമയം, 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മോഡിഫിക്കേഷന് പിഴയിനത്തില്‍ കിട്ടാനുള്ള 19.62 കോടി രൂപ ഇപ്പോഴും കുടിശ്ശികയായി കിടക്കുകയാണ്. ഈ കാലയളവില്‍ 113 കോടി രൂപ പിഴയായി പിരിഞ്ഞുകിട്ടിയിരുന്നു. 2024-ല്‍ മാത്രം ഇനി 5.26 കോടി രൂപ കൂടി ഉടമകളില്‍ നിന്ന് ഈടാക്കാനുണ്ട്.
അനുമതിയോടെ ഏഴ് മാറ്റങ്ങള്‍ വരുത്താം; നിബന്ധനകള്‍ ഇങ്ങനെ:
പൊതുജനങ്ങളുടെയും വാഹന പ്രേമികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ച്, മുന്‍കൂര്‍ അനുമതിയോടെ 7 തരം മാറ്റങ്ങള്‍ക്ക് അനുമതി നല്കി ഗതാഗത കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.
നിറം മാറ്റല്‍: ആര്.സിയില്‍ (RC) രേഖപ്പെടുത്തിക്കൊണ്ട് നിയമവിധേയമായ നിറം മാറ്റാം (നിരോധിച്ച കളറുകള്‍ പാടില്ല).
എന്ജിന് മാറ്റല്‍: ഒരേ നിര്‍മ്മാതാവിന്റെ തന്നെ അനുയോജ്യമായ എന്ജിന് മാറ്റിവെക്കാം.
ഷാസിയും ഫ്രെയിമും മാറ്റല്‍: മുന്‍കൂര്‍ അനുമതിയോടെ ആര്.സിയില്‍ മാറ്റങ്ങള്‍ രേഖപ്പെടുത്തണം.
ഇന്ധന തരം മാറ്റല്‍: പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ സി.എന്‍.ജി അല്ലെങ്കില്‍ ഇലക്ട്രിക്കിലേക്ക് മാറ്റാം.
പ്രൊപ്പല്‍ഷന്‍ സിസ്റ്റം മലിനീകരണ നിയന്ത്രണവിധേയമായി പരിഷ്കരിക്കല്‍.
ഭിന്നശേഷി സൗഹൃദമാക്കല്‍ (Retrofitting for Divyangjan).
ബോഡി ഘടനയിലെ നിയമവിധേയമായ അനുമതിയോടെയുള്ള മാറ്റങ്ങള്‍.
മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനത്തിന്റെ രൂപവും ഭാവവും മാറ്റുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും എഐ (AI) ക്യാമറകളും സ്പെഷ്യല്‍ സ്ക്വാഡുകളും ഉപയോഗിച്ച് പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്

