തുലാവർഷം ഇന്ന് എത്തിയേക്കും ; മിന്നൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത

കേരളത്തിൽ കാലവർഷം ഇന്നത്തോടെ പൂർണ്ണമായി വിടവാങ്ങി വടക്കുകിഴക്കൻ മൺസൂൺ ( തുലാവർഷം ) എത്താൻ സാധ്യത. ഇതോടെ ഇടിയോട് കൂടെയുള്ള മഴയുടെ സീസൺ ദക്ഷിണേന്ത്യയിൽ ആരംഭിക്കും. കർണാടകയിലും ആന്ധ്രപ്രദേശിലും വരെ എത്തിനിൽക്കുന്ന കാലവർഷത്തിന്റെ വിടവാങ്ങൽ കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് കൂടി ഇന്ന് വ്യാപിക്കും എന്നാണ് പ്രതീക്ഷ. ഇതോടെ രാജ്യത്തുനിന്ന് പൂർണമായി കാലവർഷം വിടവാങ്ങും. അതിനു പിന്നാലെ തുലാവർഷക്കാറ്റ് എത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുലാവർഷത്തിന്റെ ഭാഗമായുള്ള വടക്കു കിഴക്കൻ കാറ്റ് എത്തുന്നുണ്ട്. എന്നാൽ കാലവർഷം വിടവാങ്ങാത്തത് കൊണ്ടാണ് തുലാവർഷം എത്തിയതായി സ്ഥിരീകരിക്കാൻ കഴിയാത്തത്.

കേരളത്തിൽ ഇന്നലെ രാത്രി മുതൽ തുലാവർഷത്തിന്റെ മുന്നോടിയായി മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ന് മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും വൈകിട്ടും രാത്രിയിലും ഇടിയോടെ മഴ സാധ്യത. പകൽ ചൂടും അസ്വസ്ഥതയും ഉണ്ടാക്കുന്ന അന്തരീക്ഷ സ്ഥിതി വടക്കൻ ജില്ലകളിൽ തുടരും. തെക്കൻ ജില്ലകളിൽ ഭാഗികമായ മേഘാവൃതത്തിന് സാധ്യത. കേരളത്തിൻ്റെ പടിഞ്ഞാറൻ തീരത്ത് അറബിക്കടലിൽ രാവിലത്തെ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം കനത്ത മേഘ സാന്നിധ്യവും ഇടിയോടുകൂടെ മഴയും കടലിനു മുകളിലായി ലഭിക്കുന്നു. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള തീരത്തിനോടു ചേർന്നാണിത്. പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാൽ ഇവ കരകയറാൻ മടിക്കുകയാണ്. ഉച്ചക്ക് ശേഷം മേഘങ്ങളിൽ ചിലത് കരകയറുകയും മഴ നൽകുകയും ചെയ്തേക്കാം. നാളെ മുതൽ തുലാവർഷത്തിന്റെ ഭാഗമായുള്ള ഇടിയോടുകൂടെ ശക്തമായ മഴ തെക്കൻ ജില്ലകളിൽ ലഭിക്കും. കുറഞ്ഞ സമയത്തിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യം കേരളത്തിൻ്റെ കിഴക്കൻ മേഖലകളിലും മലയോര മേഖലകളിലും ഉണ്ടാകും. അതിനാൽ ഉച്ചയ്ക്ക് ശേഷം കിഴക്കൻ മലയോര മേഖലകളിലേക്കുള്ള വിനോദസഞ്ചാരങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കുന്നത് ഉചിതമാണ്.

മലവെള്ളപ്പാച്ചിൽ സാധ്യതയും ഇടിമിന്നൽ സാധ്യതയും ഉള്ളതിനാൽ ജാഗ്രത പാലിക്കണം. ഉയർന്ന സ്ഥലങ്ങളിലും തുറസ്സായ സ്ഥലത്തും മിന്നൽ ഉണ്ടാകുമ്പോൾ നിൽക്കുന്നത് അപകടകരമാണ്. കിഴക്കൻ മേഖലകളിൽ നിന്ന് ഉത്ഭവിക്കുന്ന അരുവികളിലും തോടുകളിലും പുഴകളിലും ഉച്ചക്ക് ശേഷം മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തോടുകളിലും മറ്റും വെള്ളമില്ലെങ്കിലും ഇറങ്ങുന്നത് അപകടകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *