
കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യത. വ്യാഴാഴ്ച മുതൽ മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും വടക്കൻ കേരളത്തിലും മഴ ശക്തിപ്പെട്ടേക്കും . പസഫിക് സമുദ്രത്തിലെ ഡോൾഫിൻ (Typhoon Dolphin) ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്ന് കാലവർഷക്കാറ്റ് കേരളത്തിൻ്റെ മുകളിലൂടെ കടന്നുപോകുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പ്രമുഖ കാലാവസ്ഥാ പ്രവചന ഏജൻസിയായ Metbeat Weather നിരീക്ഷിക്കുന്നത്.

ഇത് കേരളത്തിൽ തുടർച്ചയായ കനത്ത മഴ നൽകാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. ഓഗസ്റ്റ് 06 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. ഈ മഴ രണ്ട് ദിവസം തുടരാനാണ് സാധ്യത. തുടർന്ന് ചുഴലിക്കാറ്റ് ചൈന തിരം ലക്ഷ്യമാക്കി നീങ്ങും. ഓഗസ്റ്റ് 9 ന് ഈ സിസ്റ്റം കിഴക്കൻ ചൈന കടലിൽ എത്തും. ചൈനയിലെ വെൻഷോക്കും തായ് വാനും ഇടയിൽ മണിക്കൂറുകളോളം കനത്ത മഴയും കാറ്റും നൽകി നിലയുറപ്പിച്ച ശേഷം ഞായറാഴ്ച രാത്രിയോടെ ചൈനയിൽ കരകയറും. പ്രതീക്ഷിച്ച ട്രാക്കിൽ പ്രതീക്ഷിച്ച വേഗതയിൽ ഈ ഡോൾഫിൻ സഞ്ചരിക്കുകയാണ് എങ്കിൽ ഓഗസ്റ്റ് 9 ഓടെ കേരളത്തിലുള്ള സ്വാധീനം നഷ്ടമാവുകയും മഴ കുറയാൻ കാരണമാവുകയും ചെയ്യും.
കേരളത്തിൽ എവിടെയെല്ലാം മഴ കനക്കും
മധ്യകേരളത്തിലെ എറണാകുളം, ഇടുക്കി, കോട്ടയം തെക്കൻ കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിലും വടക്കൻ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര് , കാസർകോട് വയനാട് ജില്ലകളിലും മഴ ശക്തിപ്പെടുത്തും.

