
സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് വിപുലമായ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള മെനു പരിഷ്കരണത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ഫ്രൈഡ് റൈസ്, ബിരിയാണി, മുട്ട അവിയൽ തുടങ്ങിയ പുതിയ രീതികൾക്ക് പകരം ചോറും രണ്ട് കറികളും എന്ന പഴയ ശൈലി തന്നെ തുടരാൻ തീരുമാനിച്ചു.

തുച്ഛമായ ഫണ്ട് വിഹിതം കാരണം കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പുതിയ മെനു ഭൂരിഭാഗം സ്കൂളുകളിലും നടപ്പാക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് നടപ്പുവർഷത്തിൽ മെനു നിർബന്ധമാക്കാതെ പഴയരീതിയിലേക്ക് മടങ്ങാൻ അധികൃതർ നിർദേശം നൽകിയത്.
ഉച്ചഭക്ഷണ സമിതികൾക്ക് അനുയോജ്യമായ മെനു തിരെഞ്ഞെടുക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാർഗരേഖയിൽ വ്യക്തമാക്കുന്നു. ചോറിനൊപ്പം നിർബന്ധമായും രണ്ട് കറികളും ആവശ്യത്തിന് പച്ചക്കറികളും പയറുവർഗങ്ങളും ഉണ്ടായിരിക്കണം. ഫണ്ടിന്റെ ലഭ്യതയും കുട്ടികളുടെ താല്പര്യവും അനുസരിച്ച് മീനോ ഇറച്ചിയോ മറ്റ് വിഭവങ്ങളോ ഉൾപ്പെടുത്താൻ സ്കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ട്.

