കേരളത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല, പാലക്കാട് ഡിവിഷന്‍ വിഭജനവുമായി മുന്നോട്ട്

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി വി സോമണ്ണ. ഡിവിഷന്‍ വിഭജനം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സഫലമാക്കിയത് ദീര്‍ഘനാളത്തെ കാത്തിരിപ്പാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാന്‍ സഹായിച്ചത് മൂന്ന് റെയില്‍വേ ജനറല്‍ മാനേജര്‍മാരാണ്. കൊങ്കണ്‍ റെയില്‍വേ, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാരുമായി 40 മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നും കേരളത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിക്കില്ലെന്നും സോമണ്ണ വ്യക്തമാക്കി.

ഉഡുപ്പി ചിക്കമഗളൂരു എം പി കോട്ട ശ്രീനിവാസ് പൂജാരിക്കാണ് സോമണ്ണ ഇത് സംബന്ധിച്ച് ഉറപ്പുനല്‍കിയത്. മൈസൂരുവില്‍ നിന്ന് മംഗളുരുവിലേക്ക് 100 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ. പക്ഷേ മംഗളൂരുവില്‍ നിന്ന് പാലക്കാട് ഡിവിഷന്‍ ആസ്ഥാനത്തേക്ക് 350 കിലോമീറ്റര്‍ ഉണ്ടെന്നും വി സോമണ്ണ പറഞ്ഞു. മംഗലാപുരം കേന്ദ്രീകരിച്ചുള്ള ഡിവിഷന്‍ രൂപീകരണവും കേന്ദ്ര റെയില്‍വേ സഹമന്ത്രി തള്ളിയില്ല. ഒരു വര്‍ഷത്തിനുശേഷം ഇക്കാര്യത്തില്‍ മറുപടി പറയാമെന്നും സോമണ്ണ പറഞ്ഞു. മംഗളൂരു തുറമുഖം കര്‍ണാടകത്തിന് വേണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് രണ്ടു തുറമുഖങ്ങള്‍ വേറെയുണ്ട്. എണ്ണം പറഞ്ഞ ഹാര്‍ബറുകളുമുണ്ടെന്നും കേന്ദ്ര റെയില്‍വേ സഹമന്ത്രി പറഞ്ഞു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം സോമണ്ണയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നടപ്പിലാക്കിയതെന്ന പ്രതിപക്ഷ എംപിമാരുടെ ആരോപണം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിൽ വലിയ ആശങ്കയാണ് കേരളത്തിൽ ഉയർന്നത്. മംഗലാപുരം പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പ്പെടുത്തുന്നതോട് കൂടി വരുമാനം കുറയും. ഏകദേശം 60 ശതമാനത്തിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മംഗലാപുരം പരിധിയില്‍ നിന്ന് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകള്‍ കിട്ടാനുള്ള സാധ്യത കുറയും. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് വരുമാനം നോക്കി മാത്രമാണ്. വരുമാനം കുറയുന്നതോടെ ബജറ്റില്‍ വിഹിതം കുറയുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കിലോമീറ്റര്‍, ട്രാക്ക് , പ്രധാന സ്റ്റേഷനുകള്‍ , വരുമാനം എന്നിവ മാനദണ്ഡമാക്കിയാണ് ബജറ്റ് വിഹിതം അനുവദിക്കുന്നത്. അടിയന്തരഘട്ടങ്ങളിലെ യാത്രയ്ക്ക് അനുവദിക്കുന്ന എമര്‍ജന്‍സി ക്വാട്ട സംവിധാനവും പേരിനുമാത്രമാവും. മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടികള്‍ക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റ് ലഭിക്കാന്‍ മൈസൂരു ഡിവിഷന്‍ ആസ്ഥാനവുമായി ബന്ധപ്പെടേണ്ടിവരും.

ദക്ഷിണ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷന്റെ ഭാഗങ്ങള്‍ വേര്‍പ്പെടുത്തി ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേയ്ക്ക് മാറ്റിയതാണ് പ്രതിസന്ധി കാരണം. ട്രാന്‍സ്ഫര്‍, സ്ഥാനകയറ്റം തുടങ്ങിയവയെല്ലാം പുനര്‍ക്രമീകരിക്കേണ്ടി വരും. മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്തി മൈസൂരു ഡിവിഷനില്‍ ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നടപ്പിലാക്കിയാല്‍ മംഗളൂരു തുറമുഖം ഉള്‍പ്പെടെ മൈസൂര്‍ ഡിവിഷന്റെ കീഴിലാകും. ഇതിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാനുള്ള തീരുമാനവും ഉയര്‍ന്ന് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *