
പുതിയ എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനയ്ക്കുള്ളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും പുകയുന്നു. സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ചതിൽ ജനാധിപത്യ മര്യാദകൾ പാലിച്ചില്ലെന്നും ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നുമാണ് പ്രവർത്തകരുടെ പ്രധാന ആരോപണം. ഇതിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലയിൽ അഞ്ച് ഭാരവാഹികൾ രാജിവെച്ചു. സമൂഹമാധ്യമങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പുതിയ നേതൃത്വത്തിനെതിരെ കടുത്ത രോഷമാണ് ഒരു വിഭാഗം പ്രവർത്തകർ പങ്കുവെക്കുന്നത്.

സംഘടനയിലെ ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലാ നേതൃത്വത്തിൽ നിന്നാണ് അഞ്ച് ഭാരവാഹികൾ രാജിവെച്ചത്. ജില്ലാ ട്രഷറർ സർഫറാസ് ബന്തിയോട്, വൈസ് പ്രസിഡന്റുമാരായ ജംഷീർ മൊഗ്രാൽ, മുർഷിദ് മൊഗ്രാൽ, സെക്രട്ടറിമാരായ ബിലാൽ ആരിക്കാടി, അൻസാർ വോർക്കാടി എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. രാജി വെച്ച അഞ്ചുപേരും മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ളവരാണ്.
സംസ്ഥാന കമ്മിറ്റിയിലേക്കുള്ള ജില്ലാ പ്രതിനിധിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാസർകോട് രാജിയിലേക്ക് നയിച്ചത്. നേരത്തെ ജില്ലാ കൗൺസിൽ സംസ്ഥാന പ്രതിനിധിയായി നിർദേശിച്ചിരുന്ന ജോയിന്റ് സെക്രട്ടറി സവാദിനെ മാറ്റി മറ്റൊരാളെ ഏകപക്ഷീയമായി നിശ്ചയിക്കുകയായിരുന്നു. മുസ്ലിം ലീഗിനും എംഎസ്എഫിനും വലിയ സ്വാധീനമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയെ പരിഗണിക്കണമെന്ന പൊതുധാരണ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് അട്ടിമറിച്ചെന്നും ഇവർ ആരോപിക്കുന്നു. പാലക്കാട് നിന്നുള്ള ഭാരവാഹി നിർണയത്തിൽ മന്ത്രി എൻ. ഷംസുദ്ദീൻ നേരിട്ട് ഇടപെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകർ പ്രധാനമായും ഉന്നയിക്കുന്നത്.
സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റാനും താല്പര്യമില്ലാത്തവരെ വെട്ടിനിരത്താനും മന്ത്രി ശ്രമിച്ചുവെന്നാണ് വിമർശനം. അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ചു വന്നവരെയോ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും സജീവമായിരുന്നവരെയോ പരിഗണിക്കാതെ, വെറും ചുരുങ്ങിയ നാളുകൾ മാത്രം പ്രവർത്തന പരിചയമുള്ളവരെയും യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുകളിൽ ജയിച്ചു വന്നവരെയും ഒറ്റയടിക്ക് സംസ്ഥാന ഭാരവാഹികളാക്കി എന്നാണ് പ്രവർത്തകർ കുറ്റപ്പെടുത്തുന്നത്. മന്ത്രിമാരുടെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ എംഎസ്എഫ് ഉന്നയിച്ച അതേ ആരോപണം തന്നെയാണ് ഇപ്പോൾ സംഘടനയുടെ ഭാരവാഹി നിർണയത്തിലും സംഭവിച്ചിരിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഹരിത സംസ്ഥാന ചെയർപേഴ്സണായ പാലക്കാട് നിന്നുള്ള ആയിഷ മറിയത്തെപ്പോലും സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്നത് കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. കൂടാതെ, എംഎസ്എഫ് ബൈലോ പ്രകാരം കമ്മിറ്റിയിൽ 20 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ പുതിയ കമ്മിറ്റിയിൽ ഇത് നടപ്പിലായില്ല. കഴിഞ്ഞ കമ്മിറ്റിയിൽ മൂന്ന് വനിതാ പ്രതിനിധികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ അത് രണ്ടു പേരായി ചുരുങ്ങുകയാണുണ്ടായത്.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കെതിരെ കീഴ്ഘടകങ്ങളും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. മലപ്പുറം മൊറയൂർ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി പുതിയ സംസ്ഥാന കമ്മറ്റിക്കെതിരെ ഇതിനോടകം പ്രതിഷേധ പ്രമേയമിറക്കിക്കഴിഞ്ഞു. സംസ്ഥാന കമ്മിറ്റി പുനഃസംഘടനയിലെ അതൃപ്തി വരും ദിവസങ്ങളിൽ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

