കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഒളിവിൽപ്പോയ കാർ ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ ആണ് അറസ്റ്റിൽ ആയത്. അപകടത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കുന്നംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, മൂന്ന് വയസ്സുകാരനായ മകൻ എമ്മിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. മദ്യലഹരിയിൽ അമിത വേ​ഗതയിൽ എത്തിയ കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ദമ്പതികൾ സംഭവം സ്ഥലത്തും കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്.

അപകട സമയത്ത് കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് പ്രതിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച് മരണത്തിനിടയാക്കിയതിനാണ് കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *