
വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു. പങ്കാളി ജെനീഷാണ് കീര്‍ത്തനയെ കുത്തിയത്. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു കീര്‍ത്തനയ്ക്ക് നേരെ പങ്കാളിയുടെ ആക്രമണമുണ്ടായത്. കീർത്തനയുടെ കഴുത്തിനാണ് കുത്തേറ്റത്. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍.

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപത്തുവെച്ച് പങ്കാളി ജെനീഷ് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ കീര്‍ത്തനയെ ഉടന്‍ തന്നെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ പങ്കാളി ജെനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജെനീഷും കീർത്തനയും ലിവിങ് റിലേഷനിലായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചാം തീയതിയായിരുന്നു കീര്‍ത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ മുന്‍ ക്രിമിനല്‍ കേസുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ കാവ്യക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
വടകര സ്വദേശി പിടിയിലായതോടെയായിരുന്നു അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം പുറംലോകമറിയുന്നത്. കേസില്‍ പേരാമ്പ്ര ബിആര്‍സിയിലെ സ്പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റര്‍) സ്പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ്, സഫ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കാവ്യയേയും കീര്‍ത്തനയേയും നീഷ്മയേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

