
കേരളത്തിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 4ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒക്ടോബർ 5ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ഒക്ടോബർ 6ന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

തെക്കൻ ജില്ലകളിൽ ആയിരിക്കും വടക്കൻ കേരളത്തെ അപേക്ഷിച്ച് കൂടുതൽ മഴ ലഭിക്കുക. കഴിഞ്ഞദിവസം മ്യാൻമർ ഭാഗത്ത് കരകയറിയ ന്യൂനമർദ്ദം പശ്ചിമബംഗാളിനെ സമീപം തുടരുകയാണ്. ഇത് ഇന്ന് കൂടുതൽ ദുർബലപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇന്നലെ ലഭിച്ച തീവ്രതയിൽ ഇന്ന് മഴ സാധ്യത കുറവായിരിക്കും. എങ്കിലും തുലാവർഷത്തിന്റെ സ്വഭാവത്തോടെയുള്ള മഴയായിരിക്കും ഉണ്ടാവുക. എന്നാൽ ഇപ്പോൾ പെയ്യുന്ന മഴ തുലാവർഷം അല്ല. തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിക്കണം.

