
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ദിവസങ്ങളിൽ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന്, (ഒക്ടോബർ 6) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒക്ടോബർ 9ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും ഒക്ടോബർ 10ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഉൾപ്പെടെ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരത്ത് കള്ളക്കടൽ ജാഗ്രത
അതേസമയം, തിരുവനന്തപുരം തീരത്തും കള്ളക്കടൽ ജാഗ്രതാ നിർദേശം. കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് വൈകിട്ട് 5.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.1 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ (INCOIS) അറിയിച്ചു. ഇതേ തുടർന്ന് കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും കള്ളക്കടൽ മുന്നറിയിപ്പുണ്ട്. നാളെ രാത്രി 8.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

