ഇന്ന് രാത്രിയിലും ‘ഇരുട്ടടി’ തുടരും; വൈകിട്ട് ആറര മുതല്‍ പുലര്‍ച്ചെ ഒരുമണി വരെ നിയന്ത്രണം

ഗുരുതര വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരും.
തുടര്‍ച്ചയായി പത്താം ദിവസമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്. വൈകിട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിയന്ത്രണം. വൈദ്യുതി നിയന്ത്രിക്കുന്ന സമയം സംബന്ധിച്ച്‌ മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് വൈകുന്നേരത്തോടെ ഏര്‍പ്പെടുത്തുമെന്നാണ് വൈദ്യുതി മന്ത്രി അറിയിച്ചിട്ടുള്ളത്. ഒന്നിലേറെ തവണ പവര്‍ കട്ടുണ്ടാവുന്നുവെന്ന പരാതി ഇന്നും തുടരാനാണ് സാധ്യത.അതേസമയം, 1000 മെഗാവാട്ടിനോട് അടുത്ത് വൈദ്യുതിയുടെ കുറവ് കഴിഞ്ഞദിവസവും രേഖപ്പെടുത്തി. പവര്‍ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യത സാധ്യത നേരിയ തോതില്‍ ഉയര്‍ന്നിട്ടുള്ളത് ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍. ചില ജില്ലകളില്‍ മഴ മുന്നറിയിപ്പ് സാധ്യതയുള്ളതും കണക്കിലെടുത്താല്‍ നിയന്ത്രണം ഒഴിവാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

കടുത്ത ചൂടിനിടെ ഇന്നു മുതല്‍ സംസ്ഥാനത്ത് മഴക്ക് സാധ്യത. ആലപ്പുഴയിലും എറണാകുളത്തും യെലോ അലര്‍ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെലോ അലര്‍ട് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ പരക്കെ മഴലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ആന്ധ്ര- ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കാനിടയുണ്ട്. ഇതിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *