
തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വിടവാങ്ങൽ കർണാടകയിൽ എത്തി. ഇനി വടക്കു കിഴക്കാൻ സംസ്ഥാനങ്ങൾ, കേരളം തമിഴ്നാട്, ആന്ധ്ര പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൂടി കാലവർഷം വിടവാങ്ങാൻ ഉണ്ട്. അതേസമയം, തമിഴ്നാട്ടിലും കേരളത്തിലും ഇന്ന് ഇടിയോടുകൂടെ ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിൽ എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് ഇന്ന് ഉച്ചക്ക് ശേഷം ഇടിയോടെ മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. നാളെയും തെക്കൻ ജില്ലകളിലാണ് മഴയുടെ ശക്തി കൂടാൻ സാധ്യത. മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യത.

എന്നാൽ കണ്ണൂർ, കാസർകോട് , കോഴിക്കോട്, വയനാട് , മലപ്പുറം, ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇന്ന് രാവിലെയുള്ള ഉപഗ്രഹ ചിത്രത്തിൽ കോഴിക്കോടിന് പടിഞ്ഞാറായി അറബിക്കടലിന്റെ മുകളിൽ വലിയ മേഘ കൂട്ടങ്ങളും ഇടിയോടുകൂടിയുള്ള ശക്തമായ മഴയും ലഭിക്കുന്നുണ്ട്. കണ്ണൂർ തീരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭാഗികമായ മേഘാവൃതമാണ്.

