സാവിത്രി കൊലപാതകം: പോലീസിനെ സഹായിക്കാൻ കുടയുമായി നിന്ന വാടകക്കാരനെ കുടുക്കിയത് ‘ലാസ്റ്റ് സീൻ തിയറി’യും മുളകുപൊടി പാക്കറ്റിലെ വിരലടയാളവും

തൃശൂർ: കാറളം സ്വദേശിനി സാവിത്രിയെ (79) വീട്ടിൽ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ അയൽവാസിയും കുടുംബത്തിന്റെ വിശ്വസ്തനുമായ മുഹമ്മദ് റാഫിയെ (58) കുടുക്കിയത് ശാസ്ത്രീയ അന്വേഷണ മികവ്. കൃത്യം നടന്ന് 48 മണിക്കൂറിനുള്ളിലാണ് തൃശൂർ റൂറൽ പോലീസിന്റെ സമർഥമായ അന്വേഷണത്തിൽ പ്രതി വലയിലായത്. ഡി.ഐ.ജി എസ്. നാരായണൻ, റൂറൽ എസ്.പി മുഹമ്മദ് നദീം എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ക്രൈം ഇൻവെസ്റ്റിഗേഷനിലെ ‘ലാസ്റ്റ് സീൻ തിയറി’ നിർണായക വഴിത്തിരിവായി.

സാവിത്രിയുടെ ഭർത്താവിനെ ആശുപത്രിയിൽ കാണിക്കാൻ മകനും മരുമകളും പോയ സമയത്തായിരുന്നു കൊലപാതകം. സ്‌കൂളിൽ നിന്ന് തിരികെയെത്തിയ പേരക്കുട്ടിയാണ് മുത്തശ്ശിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലുണ്ടായിരുന്ന കമ്മൽ ഒഴികെ 16 പവന്റെ ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിരുന്നു. കാട്ടൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംശയമുണർത്തിയ ‘ലാസ്റ്റ് സീൻ തിയറി’

കൊല്ലപ്പെട്ടയാളെ അവസാനം കണ്ടതാര് എന്ന് അന്വേഷിക്കുന്ന ‘ലാസ്റ്റ് സീൻ തിയറി’യാണ് പോലീസിനെ റാഫിയിലെത്തിച്ചത്. വീട്ടുകാർ ആശുപത്രിയിലേക്ക് പോകുമ്പോൾ കാറിന്റെ കാർ പ്ലേ ശരിയാക്കാൻ റാഫി സഹായിച്ചിരുന്നു. പിന്നീട് സാവിത്രിയെ മുറ്റമടിക്കുന്ന സമയത്ത് അവസാനമായി കണ്ടതും റാഫിയാണ്. വീട്ടിൽ നിന്ന് വാങ്ങിയ വെട്ടുക്കത്തി തിരികെ നൽകാൻ പോയ റാഫി, തിരിച്ചെത്തി ചായ കുടിച്ച ശേഷം അസാധാരണമായി ഉച്ചതിരിഞ്ഞ് കുളിച്ചെന്ന് ഭാര്യ പോലീസിന് മൊഴി നൽകി. ഇതോടെ സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ റാഫി ഒന്നാമതായി.

വിരലടയാളം ശേഖരിക്കാൻ അയൽവാസികളായ എട്ട് പേരെ പൊലീസ് വിളിപ്പിച്ചു. അവിടെ വെച്ച് ചോദ്യം ചെയ്യുന്നതിന് മുൻപ് തന്നെ, കൊലപാതകം നടന്ന ശേഷം താൻ ഡോക്ടർക്കൊപ്പം മുറിയിൽ പോയിരുന്നെന്നും തന്റെ വിരലടയാളം അവിടെയുണ്ടാകാൻ സാധ്യതയുണ്ടെന്നും റാഫി സ്വയം ന്യായീകരിച്ചത് പോലീസിന്റെ സംശയം ബലപ്പെടുത്തി.

വിരലടയാളം പതിയാതിരിക്കാൻ പ്ലാസ്റ്റിക് കവർ കൊണ്ടുള്ള കയ്യുറകൾ ധരിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. കഴുത്ത് ഞെരിക്കുന്നതിനിടെ സാവിത്രി ഈ കയ്യുറയുടെ ഒരു ഭാഗം കടിച്ചു പറിച്ചിരുന്നു. കൃത്യത്തിന് ശേഷം ഈ കയ്യുറകൾ മൃതദേഹത്തിന് അടിയിൽ ഒളിപ്പിച്ച പ്രതി, തെളിവ് നശിപ്പിക്കാനായി മുറിയിലാകെ മുളകുപൊടി വിതറി. കയ്യുറ ഊരിയ ശേഷം മുളകുപൊടി പാക്കറ്റ് പൊട്ടിച്ചതിനാൽ അതിൽ പതിഞ്ഞ വിരലടയാളം ശാസ്ത്രീയ പരിശോധനയിൽ റാഫിയുടേതാണെന്ന് ഉറപ്പിച്ചു.

നാടകീയമായ അറസ്റ്റും കുറ്റസമ്മതവും

വിരലടയാളം ഒത്തുവന്നതിന് പിന്നാലെ റാഫിയെ പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ വാടാനപ്പിള്ളിയിലാണെന്നായിരുന്നു മറുപടി. എന്നാൽ ടവർ ലൊക്കേഷൻ മറ്റൊരിടത്താണെന്ന് കണ്ടെത്തിയ പോലീസ് സംഘം പ്രതിയെ പിന്തുടർന്നു. യാദൃശ്ചികമായി പോലീസുകാർ ചായ കുടിക്കാൻ നിർത്തിയ സ്ഥലത്ത് ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന റാഫിയെ കയ്യോടെ പിടികൂടുകയായിരുന്നു.

മുഖംമൂടി ധരിച്ച രണ്ടുപേർ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, “വീട്ടിൽ നിന്ന് സ്വർണം കിട്ടിയല്ലോ” എന്ന് പോലീസ് തന്ത്രപരമായി ചോദിച്ചതോടെ പ്രതി കുറ്റം സമ്മതിച്ചു. സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. കവർന്ന സ്വർണത്തിൽ കുറച്ചുഭാഗം വിൽക്കുകയും ബാക്കി വീട്ടിലെ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തു.

സാവിത്രിയുടെ മകന്റെ വീട്ടിൽ നാലര വർഷമായി വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയാണ് റാഫി. കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ, കൊലപാതകം നടന്ന ദിവസം വിവരമറിഞ്ഞെത്തിയ റൂറൽ എസ്.പി മുഹമ്മദ് നദീമിനോട് സംസാരിക്കുകയും, മഴയത്ത് പോലീസുകാർക്ക് കുടയെടുത്ത് നൽകി സഹായിയായി കൂടെ നിൽക്കുകയും ചെയ്തിരുന്നു. ഈ വിശ്വസ്തനാണ് ഒടുവിൽ ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ കുടുങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *