
മലപ്പുറം : ഒതുക്കുങ്ങൽ കുഴിപ്പുറം കവലയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികനായ അധ്യാപകൻ ദാരുണമായി മരിച്ചു. മറ്റത്തൂർ കുഴിപ്പുറം അമ്പലവൻ കുളപ്പുരയ്ക്കൽ ഇബ്രാഹിമിന്റെ മകൻ എ.കെ. ഷറഫുദ്ദീൻ (37) ആണ് മരിച്ചത്.

സ്വകാര്യ സ്കൂളിൽ താൽക്കാലിക അധ്യാപകനായിരുന്നു ഷറഫുദ്ദീൻ. ഒതുക്കുങ്ങൽ കുഴിപ്പുറം റോഡിൽ കുഴിപ്പുറം കവലയിൽ വെച്ചായിരുന്നു അപകടം.
മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷറഫുദ്ദീൻ തൊട്ടടുത്ത പറമ്പിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഹബീബിനും പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്ന പറപ്പൂർ സ്വദേശി അകബർ അലിയെ (36) വേങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചു.
സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്

