
മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് കർശന വിലക്കേർപ്പെടുത്തിക്കൊണ്ട് പുതിയ പെരുമാറ്റച്ചട്ടം. ഗവർണറുടെ നിർദേശപ്രകാരമാണ് സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിലെ സമാധാനാന്തരീക്ഷം നിലനിർത്താനും അച്ചടക്കം ഉറപ്പാക്കാനുമെന്ന പേരിലാണ് ‘തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് കോഡ് ഓഫ് കോണ്ടക്ട് റൂൾസ് – 2026’ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ക്യാമ്പസിനുള്ളിൽ അനുമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വിദ്യാർഥികളെ സംഘടിപ്പിക്കുന്നതും കൂട്ടം കൂടുന്നതും ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കും. ക്ലാസ് മുറികളിലോ ഓഫീസുകളിലോ ക്യാമ്പസിൻ്റെ മറ്റ് ഭാഗങ്ങളിലോ മുദ്രാവാക്യം വിളിക്കുന്നതിനും വിലക്കുണ്ട്. മുൻകൂർ അനുമതിയില്ലാതെ രാഷ്ട്രീയ പാർട്ടി നയങ്ങളുടെയോ വിദ്യാർത്ഥി സംഘടനകളുടെയോ അടിസ്ഥാനത്തിൽ സമരത്തിന് ആഹ്വാനം ചെയ്യുന്നത് കടുത്ത അച്ചടക്കലംഘനമായി മാറുമെന്നും ചട്ടത്തിൽ ചൂണ്ടിക്കാട്ടുന്നു. നിർദ്ദേശങ്ങൾ ലംഘിക്കുന്ന വിദ്യാർഥികൾക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് സർവകലാശാല തീരുമാനം. കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വിദ്യാർത്ഥികൾക്ക് പിഴ ചുമത്തൽ, നിർബന്ധിത ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകൽ, പുറത്താക്കൽ തുടങ്ങിയ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും പുതിയ ചട്ടത്തിലുണ്ട്. സർവകലാശാലയുടെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി. സർവകലാശാലയിലെ പൊതുപ്രവേശന പരീക്ഷ എടുത്തുകളയാനുള്ള നീക്കത്തിനെതിരെയും എസ്.എഫ്.ഐ പ്രതിഷേധിക്കുന്നുണ്ട്.

