
സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം 2026 ജൂൺ 4ഓടെ കേരളത്തിൽ ഔദ്യോഗികമായി എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ കാലവർഷത്തിന്റെ മുന്നേറ്റത്തിന് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ നിലനിൽക്കുന്നതായും അടുത്ത ദിവസങ്ങളിൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മേഖലകളിൽ മഴയുടെ വ്യാപ്തിയും തീവ്രതയും വർധിക്കാനിടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ജൂൺ 2 മുതൽ 8 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും അതിശക്തമായ മഴക്കും (സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിലേക്ക് മാത്രമല്ല, തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മേഖലയിലേക്കും തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്. ഇതിനൊപ്പം ബംഗാൾ ഉൾക്കടലിന്റെ വിവിധ മേഖലകളായ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിലേക്കും മൺസൂൺ മുന്നേറുമെന്നാണ് വിലയിരുത്തൽ.

