വയനാട് ചൂരൽ മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്.

വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. 298 പേരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. ബാക്കി വന്ന മനുഷ്യരുടെ ഉള്ളിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോള്‍ ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഇന്ന് സർവമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും.

മണ്ണും മലവെള്ളവും പാറക്കെട്ടുകളും മൂന്ന് ഗ്രാമങ്ങളെ മുഴുവൻ വിഴുങ്ങിയ ആ കറുത്ത രാത്രിക്ക് ഇന്ന് രണ്ട് വർഷം തികയുകയാണ്. പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിയിറങ്ങി മുണ്ടക്കൈയിലും ചൂരൽമലയിലും ആഞ്ഞടിച്ച ഉരുൾ കവർന്നെടുത്തത്, നൂറുകണക്കിന് ജീവനുകളും. മനുഷ്യരുടെ പ്രതീക്ഷകളുമാണ്. ആ മഹാദുരന്തത്തിനിപ്പുറം നിശ്ചലമാണ് പുഞ്ചിരിമട്ടവും മുണ്ടക്കൈയും. പഴയ ഗ്രാമങ്ങളെ അടയാളപ്പെടുത്തുന്നതൊന്നും ഇന്നിവിടെയില്ല. അവിശേഷിക്കുന്നത് ഉരുൾ പൊട്ടലിൽ തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞു പോയ വീടുകളും മാത്രമാണ്. ഒരു രാത്രി കൊണ്ട് സ്വന്തം വീടും വിലാസവും ജീവനും നഷ്ടപ്പെട്ട മനുഷ്യരുടെ നിശ്ശബ്ദമായ ഓർമ്മകൾ പേറുകയാണ് ഇന്നീ ദുരന്തഭൂമി. ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേരാണ് ദുരന്തത്തിൽ മരിച്ചത്. തുടർന്ന് കാണാതായിരുന്ന 32 പേരെയും മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചതോടെ മരണസംഖ്യ കൂടുതൽ ദാരുണമായി. ജീവൻ രക്ഷപ്പെട്ടവരുടെ മനസ്സിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. മുറിവുണങ്ങാതെ ഇരയായവർ ഇന്നും ജീവിച്ചു തീർക്കുകയാണ് ഈ ജീവിതം. സ്വന്തവും ബന്ധവുമെല്ലാം നഷ്ട്ടപ്പെട്ടവർ നിരവധി പേർ.ചൂരൽമലയിലും നാട്ടുകാരില്ല. എന്നാല്‍, വിനോദ സഞ്ചാരികൾ എത്തുന്നതിനാൽ ചൂരൽമല അതിജീവനത്തിന്റെ പാതയിലാണ്.

ഒറ്റ രാത്രിയോടെ ഇല്ലാതായ മൂന്ന് ഗ്രാമങ്ങൾ

2024 ജൂലൈ 30-ന് പുലർച്ചെയുണ്ടായ കനത്ത മഴയെ തുടർന്നാണ് പുഞ്ചിരിമട്ടം (Punchirimattam) ഭാഗത്ത് മല ഇടിഞ്ഞ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണും മലവെള്ളവും പാറക്കെട്ടുകളും അതിശക്തമായി താഴേക്ക് കുതിച്ചെത്തി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിഴുങ്ങി. നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കൃഷിയിടങ്ങളും പൂർണമായും തകർന്നു. നിരവധി കുടുംബങ്ങൾ ഒന്നാകെ ഇല്ലാതായി. ജീവിതകാലം മുഴുവൻ സമ്പാദിച്ചതെല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടമായവരുടെ നിലവിളി കേരളം മുഴുവൻ കേട്ടിരുന്നു. ആ കാഴ്ചകണ്ട് നമ്മളോരോരുത്തരും കരഞ്ഞു.

രണ്ട് വർഷം പിന്നിടുമ്പോഴും പഴയ മുണ്ടക്കൈയും പുഞ്ചിരിമട്ടവും തിരിച്ചറിയാനാവാത്ത വിധമാണ് മാറിയിരിക്കുന്നത്. ഒരുകാലത്ത് ജനവാസം നിറഞ്ഞിരുന്ന പ്രദേശങ്ങളിൽ ഇന്ന് ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ആളൊഴിഞ്ഞ വീടുകളും മാത്രമാണ് അവശേഷിക്കുന്നത്. ഒരു രാത്രി കൊണ്ട് സ്വന്തം വീടും വിലാസവും ജീവിതവും നഷ്ടപ്പെട്ട മനുഷ്യരുടെ നിശ്ശബ്ദ ഓർമ്മകളാണ് ഇന്ന് ആ ദുരന്തഭൂമി പേറുന്നത്. പ്രകൃതിയുടെ അതിശക്തമായ പ്രഹരത്തിന് മുന്നിൽ മനുഷ്യജീവിതത്തിന്റെ നിസ്സഹായതയുടെ ഓർമ്മപ്പെടുത്തലായി ഈ പ്രദേശങ്ങൾ മാറിക്കഴിഞ്ഞു. ദുരന്തത്തിന് ശേഷം പഴയ ചൂരൽമലയിൽ സ്ഥിരതാമസക്കാർ വളരെ കുറവാണ്. എന്നിരുന്നാലും പ്രദേശം പതിയെ അതിജീവനത്തിന്റെ പാതയിലാണ്. ദുരന്തഭൂമി നേരിൽ കാണാനും അതിജീവനത്തിന്റെ കഥകൾ അറിയാനും നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ദുരന്തത്തിന്റെ ഓർമ്മകൾ മായാതെ സൂക്ഷിക്കുമ്പോഴും പുതിയ പ്രതീക്ഷകളിലേക്ക് മുന്നേറാനുള്ള ശ്രമങ്ങളാണ് പ്രദേശവാസികളും ഭരണകൂടവും നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *