
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിലും വ്യാപകമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. ഇന്ന് (ജൂൺ 24) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചില മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ജൂൺ 25, 26 തീയതികളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരാനിടയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ 24ന് കണ്ണൂർ,കാസർഗോഡ്, ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ജൂൺ 27ന് വടക്കൻ ജില്ലകളിൽ ജാഗ്രത നിർദ്ദേശമുണ്ട്.
* മലപ്പുറം
* കോഴിക്കോട്
* വയനാട്
* കണ്ണൂർ
* കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 28 ന് എട്ട് ജില്ലകളിൽ മുന്നറിയിപ്പുണ്ട്.
* എറണാകുളം
* തൃശൂർ
* പാലക്കാട്
* മലപ്പുറം
* കോഴിക്കോട്
* വയനാട്
* കണ്ണൂർ
* കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് കാലാവസ്ഥ വകുപ്പ് നിർവചിക്കുന്നത്. ഇടിമിന്നൽ സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. മരങ്ങളുടെ ചുവട്ടിലും വൈദ്യുത പോസ്റ്റുകൾക്കും സമീപം അഭയം തേടരുത്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ദുര്‍ബലമായ പരസ്യബോർഡുകൾ, മരക്കൊമ്പുകൾ, നിർമ്മാണ സാമഗ്രികൾ എന്നിവയ്ക്ക് സമീപം നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. മത്സ്യത്തൊഴിലാളികളും തീരദേശ മേഖലകളിലുള്ളവരും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

