സുൽത്താനും രക്ഷിക്കാനായില്ല, ന്യൂ ജഴ്സി സ്റ്റേഡിയത്തിൽ കാനറികളുടെ കണ്ണീർ പടർന്നു, അപരാജിതരായി നോർവേ…

ചരിത്രം തിരുത്തിക്കുറിക്കാനിറങ്ങിയ ബ്രസീലിനെ ചരിത്രത്തിന്റെ തനിയാവർത്തനത്തിലൂടെ വീഴ്ത്തി നോർവേ ലോകകപ്പ് ക്വാർട്ടറിൽ. ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തറപ്പറ്റിച്ചാണ് നോർവേയുടെ വിജയം. നോർവേയ്ക്കു വേണ്ടി 79–ാം മിനിറ്റിലും 90–ാം മിനിറ്റിലും എർലിങ് ഹാളണ്ടാണ് ഗോൾ നേടിയത്. ഇൻജറി ടൈമിൽ ലഭിച്ച പെൽറ്റിയിലൂടെ നെയ്മാറാണ് ബ്രസീലിനു വേണ്ടി ഗോൾ നേടിയത്. ഈ ലോകകപ്പിൽ നെയ്മാറിന്റെ ആദ്യ ഗോളാണിത്; അവസാനത്തേതും. 1998 ലോകകപ്പിലും ബ്രസീലിനെ നോർവേ 2–1നാണ് തോൽപ്പിച്ചത്. തോൽവിയോടെ 2002ലെ അഞ്ചാം കിരീടവിജയത്തിനു ശേഷം തുടർച്ചയായ ആറാം ലോകകപ്പിലാണ് ബ്രസീൽ കിരീടമില്ലാതെ മടങ്ങുന്നത്. 1990ന് ശേഷം ആദ്യമായാണ് ബ്രസീൽ ഒരു ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്. ഇതുകൂടാതെ നോർവേയ്‌ക്കെതിരെ ഇതുവരെ ജയിച്ചിട്ടില്ലെന്ന നാണക്കേട് ബ്രസീലിനെ ഇനിയും പിന്തുടരും. രണ്ടാം പകുതിയിൽ നോർവേ താരം ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. ഷെൽഡ്രൂപ്പിന്റെ വേഗതയേറിയ മുന്നേറ്റങ്ങൾ ബ്രസീൽ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. 75 മിനിറ്റ് വരെ ബ്രസീലിയൻ ഡിഫൻഡർമാരായ ഗബ്രിയേലും മാർക്വിഞ്ഞോസും ചേർന്ന് ഏർലിങ് ഹാളണ്ടിനെ കൃത്യമായി മാർക്ക് ചെയ്ത് നിർത്തിയിരുന്നു. എന്നാൽ ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് കളത്തിലിറങ്ങിയതോടെ ബ്രസീലിന്റെ പ്രതിരോധ തന്ത്രങ്ങൾ പാളി. 79–ാം മിനിറ്റിലാണ് നോർവേയുടെ ആദ്യ ഗോൾ പിറന്നത്. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് ഇടതുവശത്ത് നിന്ന് നൽകിയ മനോഹരമായ ക്രോസ്, ബോക്സിനുള്ളിൽ ഉയർന്നുചാടിയ ഏർലിങ് ഹാളണ്ട് ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേലിനെ മറികടന്ന് ഉഗ്രനൊരു ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. സ്കോർ 1–0.മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുൻപ് നോർവേയുടെ അടുത്തപ്രഹരം. വീണ്ടും ആൻഡ്രിയാസ് ഷെൽഡ്രൂപ്പിന്റെ അസിസ്റ്റിൽനിന്ന് പന്ത് സ്വീകരിച്ച ഹാളൻഡ്, ബ്രസീൽ ബോക്സിന് തൊട്ടുപുറത്തുനിന്ന് പന്ത് നിയന്ത്രിച്ച ശേഷം ഉതിർത്ത ശക്തമായ ലോ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ അലിസൺ ബെക്കറെ കാഴ്ചക്കാരനാക്കി വലയുടെ താഴത്തെ വലതുമൂലയിലേക്ക് തുളച്ചുകയറി. ഇരട്ട ഗോളുകളോടെ ഹാളണ്ട് ഈ ലോകകപ്പിലെ തന്റെ ഗോൾ നേട്ടം 7 ആയി ഉയർത്തി. ഇതോടെ ബ്രസീലിന്റെ എല്ലാം പ്രതീക്ഷകളും അസ്തമിച്ചു. എങ്കിലും ഇൻജറി ടൈമിൽ ബ്രസീലിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. കിക്ക് എടുത്ത സൂപ്പർ താരം നെയ്മാർ പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ബ്രസീലിന് പരാജയം ഒഴിവാക്കാൻ അത് മതിയാകുമായിരുന്നില്ല

 

ആദ്യ പകുതിയിൽ ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. നോർവേയ്‍ക്കെതിരെ ലീഡെടുക്കാനുള്ള സുവർണാവസരം ബ്രസീൽ പാഴാക്കി. പത്താം മിനിറ്റിൽ മത്തേയൂസ് കുഞ്ഞയെ ഫൗൾ ചെയ്തതിന് വാർ പരിശോധനയ്ക്കു ശേഷം റഫറി ബ്രസീലിന് അനുകൂലമായി പെനൽറ്റി വിധിച്ചു. എന്നാൽ 14–ാം മിനിറ്റിൽ കിക്ക് എടുത്ത ബ്രസീലിന്റെ മിഡ്ഫീൽഡർ ബ്രൂണോ ഗിമാറസിന്റെ ഷോട്ട് നോർവീജിയൻ ഗോൾകീപ്പർ ഓറിയൻ നെയ്‌ലാൻഡ് തകർപ്പൻ സേവിലൂടെ തടയുകയായിരുന്നു.മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നോർവേ താരം പാട്രിക് ബെർഗ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് ബ്രസീലിന്റെ വലയിലെത്തിച്ചിരുന്നു. എന്നാൽ ക്രോസ് നൽകിയ അലക്സാണ്ടർ സോർലൊത്ത് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നതിനാൽ റഫറി ഈ ഗോൾ അനുവദിച്ചില്ല. പന്തടക്കത്തിലും പാസിലും നോർവേയാണ് ആദ്യ പകുതിയിൽ മുന്നിട്ടുനിന്നത്. എന്നാൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ബ്രസീലാണ്. കാനറിപ്പട ആറു ഷോട്ടുകൾ ഉതിർത്തപ്പോൾ നോർവേ നാലെണ്ണം പായിച്ചു. നോർവേയുടെ ആക്രമണങ്ങളെ തടയാൻ ബ്രസീൽ ഡിഫൻഡർമാർ ആദ്യ പകുതിയിൽ തന്നെ 12 ക്ലിയറൻസുകളും 8 ഇന്റർസെപ്ഷനുകളും നടത്തി. ബ്രസീൽ കീപ്പർ അലിസൺ ബെക്കറും നോർവേ കീപ്പർ ഓറിയൻ നെയ്‌ലാൻഡും 2 നിർണായക സേവുകൾ വീതം ചെയ്ത് ആദ്യ പകുതിയിൽ തങ്ങളുടെ കോട്ട കാത്തു.

Leave a Reply

Your email address will not be published. Required fields are marked *