
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ കേരളം ഗുരുതരമായ മഴക്കുറവിന്റെ പിടിയിലാണ്. ഇന്ത്യാ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ജൂൺ 1 മുതൽ ജൂലൈ 15 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 659.8 മില്ലീമീറ്റർ മഴ മാത്രമാണ്. ഈ കാലയളവിൽ സാധാരണ ലഭിക്കേണ്ടത് 973 മില്ലീമീറ്റർ മഴയായിരുന്നു. ഇതോടെ സംസ്ഥാനത്തെ മഴക്കുറവ് 32 ശതമാനമായി ഉയർന്നു. ലക്ഷദ്വീപിലും മഴക്കുറവ് തുടരുകയാണ്. അവിടെയും സാധാരണയെ അപേക്ഷിച്ച് 23 ശതമാനം കുറവ് മഴ മാത്രമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. ഇവിടെ 1042.9 മില്ലീമീറ്റർ മഴ ലഭിച്ചെങ്കിലും സാധാരണയേക്കാൾ 21 ശതമാനം കുറവാണ്. രണ്ടാമത് കാസർകോട് ജില്ലയിൽ 999.9 മില്ലീമീറ്റർ മഴ ലഭിച്ചെങ്കിലും അവിടെയും 32 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. അതേസമയം ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലം ജില്ലയിലാണ്. ഇവിടെ ലഭിച്ചത് 393.5 മില്ലീമീറ്റർ മാത്രം. തിരുവനന്തപുരത്ത് 402.6 മില്ലീമീറ്റർ മഴ ലഭിച്ചെങ്കിലും ദീർഘകാല ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ വെറും 2 ശതമാനം കുറവ് മാത്രമായതിനാൽ ജില്ല സാധാരണ മഴ വിഭാഗത്തിൽ തുടരുകയാണ്. മലയോര മേഖലകളിലാണ് ഇത്തവണ മഴക്കുറവ് ഏറ്റവും രൂക്ഷമായത്. വയനാട് ജില്ലയിൽ 59 ശതമാനം മഴക്കുറവും ഇടുക്കി ജില്ലയിൽ 56 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. അതായത് ഈ പ്രദേശങ്ങളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ പകുതിപോലും ലഭിച്ചിട്ടില്ല. ഈ വർഷം കാലവർഷക്കാറ്റ് പൊതുവെ ദുർബലമായതാണ് മലയോര മേഖലകളിൽ മഴ ഗണ്യമായി കുറയാൻ പ്രധാന കാരണം. അറബിക്കടലിൽ നിന്ന് ആവശ്യമായ ഈർപ്പമുള്ള കാറ്റ് ശക്തമായി എത്താതിരുന്നതും മലനിരകളിൽ മഴ രൂപപ്പെടുന്നത് കുറച്ചുവെന്നാണ് വിലയിരുത്തൽ. മഴക്കുറവ് തുടർന്നാൽ സംസ്ഥാനത്തെ ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് കുറയുകയും വൈദ്യുതി ഉൽപാദനത്തെയും കുടിവെള്ള വിതരണത്തെയും ബാധിക്കാനിടയുണ്ട്. നെൽകൃഷി ഉൾപ്പെടെയുള്ള കാർഷിക മേഖലയിലും പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ മഴക്കുറവ് കൂടുതൽ ഗുരുതരമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


