പ്രമുഖ യൂട്യൂബർ ‘തൊപ്പി’ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്

കൊച്ചി: പ്രമുഖ യൂട്യൂബറായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങളും സ്വകാര്യ ദൃശ്യങ്ങളും പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് പൊലീസ് നടപടി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിഹാദിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.കേസിലെ മറ്റൊരു പ്രതിയായ ‘തൊപ്പി ഗാങ്ങ്’ അംഗം മമ്മു എന്ന മുഹമ്മദിനെ കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ മഞ്ചേരി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റിന് പിന്നാലെ കേസിലെ മറ്റ് പ്രതികളുടെ പങ്കും വിശദമായി പരിശോധിച്ച പൊലീസ്, നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. പ്രതി രാജ്യം വിടുന്നത് തടയുന്നതിനും എവിടെയെങ്കിലും കണ്ടെത്തുകയാണെങ്കിൽ ഉടൻ കസ്റ്റഡിയിലെടുക്കുന്നതിനുമാണ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.

പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നിഹാദിന്റെ പാസ്‌പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെ സ്ത്രീകളെയും സുഹൃത്തുക്കളെയും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നിഹാദും സംഘവും തുടർച്ചയായി നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അതേസമയം, നിഹാദിനെതിരെ മുൻ സുഹൃത്തുക്കളും ‘എംആർഎസ് ഗ്യാങ്’ അംഗങ്ങളുമായ മമ്മുവും ഷമീറും നേരത്തെ തന്നെ കടുത്ത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. വർഷങ്ങളോളം ഒപ്പം നിർത്തി അടിമകളെപ്പോലെയാണ് നിഹാദ് തങ്ങളോട് പെരുമാറിയതെന്നും, ജോലിക്ക് യാതൊരുവിധ പ്രതിഫലവും നൽകാതെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് ചവിട്ടുകയും ചെയ്തിരുന്നതായും ഇവർ ആരോപിച്ചിരുന്നു.

ക്യാമറയ്ക്ക് മുന്നിൽ മാത്രമാണ് നിഹാദ് നല്ലവനായി അഭിനയിക്കുന്നതെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. ഈ തർക്കങ്ങൾക്കും വെളിപ്പെടുത്തലുകൾക്കുമൊടുവിലാണ് മുൻ സുഹൃത്തുക്കളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ട് നിഹാദ് ലൈവ് വീഡിയോകളിലൂടെ അധിക്ഷേപം തുടർന്നത്.

നിലവിൽ പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ത്രീവിരുദ്ധ പരാമർശങ്ങളും സൈബർ ഉപദ്രവങ്ങളും അടങ്ങിയ ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും, ഐടി ആക്ട് ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *