സൗജന്യ ഓണക്കിറ്റിൽ 854 രൂപയുടെ 16 ഇനങ്ങൾ; വിതരണം ആഗസ്റ്റ് 10 മുതൽ.

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ സജീവമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഓണകാലത്തെ ഭക്ഷ്യവിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ഇതിനായി പണം അനുവദിച്ചു. 854 രൂപ ചെലവ് വരുന്ന 16 ഇനങ്ങൾ അടങ്ങിയ കിറ്റുകൾ ആഗസ്റ്റ് 10 മുതൽ 20 വരെ വിതരണം ചെയ്യും.

വിപണിയിലെ അരി വിലക്കയറ്റം നിയന്ത്രിക്കാൻ 1,65,932 മെട്രിക് ടൺ അരിയും 24506 മെട്രിക് ടൺ ഗോതമ്പും ലഭ്യമാക്കും. മുൻഗണനേതര വിഭാഗത്തിലെ നീലക്കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ മൂന്ന് കിലോ അരിയും 8.70രൂപ നിരക്കിൽ രണ്ട് കിലോ ഗോതമ്പും സ്പെഷ്യൽ ആനുകൂല്യമായി വിതരണം ചെയ്യും. തിരുവനന്തപുരം എറണാകുളം കോഴിക്കോട് ജില്ലകളിൽ ആഗസ്റ്റ് എട്ട് മുതൽ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകൾ ഉണ്ടാകും. മറ്റു 11 ജില്ലകളിൽ ആഗസ്റ്റ് 16 മുതൽ 25 വരെ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും.

സർക്കാരിൻറെ രണ്ടു മാസത്തെ പ്രവർത്തന കാലയളവിൽ 448 കോടി രൂപ ഭക്ഷ്യവകുപ്പിനായി അനുവദിച്ചു. സൗജന്യ കിറ്റ് ഉൾപ്പെടെയുള്ള വിപണി ഇടപെടലിനായി 273 കോടി രൂപയും നെല്ല് സംഭരണ ബോണസായി 154 കോടി രൂപയും ഗതാഗത ചാർജിനത്തിൽ 20 കോടി രൂപയും നൽകി. വിപണിയിലെ വിലക്കയറ്റം തടയാൻ ജാഗ്രതയോടുകൂടി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *