കേരളത്തിൽ ഇന്ന് ഇടിമിന്നൽ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 29) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിച്ചു. ഇതോടൊപ്പം ഇന്ന് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും, ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും  സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ശക്തമായ കാറ്റ്; പ്രത്യേക ജാഗ്രത

കേരളത്തിൽ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കുന്ന പ്രധാന പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ശക്തമായ കാറ്റ്. കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വലിയ കൊമ്പുകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ മഴയും കാറ്റും ഉള്ള സമയത്ത് മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്.

കാറ്റിൽ പറന്നുപോകാൻ സാധ്യതയുള്ള പരസ്യബോർഡുകൾ, കൊടിമരങ്ങൾ, ഇളകിയ ഷീറ്റുകൾ, കോണികൾ തുടങ്ങിയവ സുരക്ഷിതമായി ഉറപ്പിക്കുകയോ മാറ്റിവെക്കുകയോ വേണം. കാറ്റ് ശക്തമാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെ സമീപത്ത് നിൽക്കാതിരിക്കുകയും വേണം. വീടുകളുടെ ടെറസിൽ കയറുന്നതും ഒഴിവാക്കണം. ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ ഉറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ ആവശ്യമായാൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നുവീഴാൻ സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെ.എസ്.ഇ.ബിയുടെ 1912 കൺട്രോൾ റൂമിലോ 1077 എന്ന ദുരന്തനിവാരണ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. പത്രം-പാൽ വിതരണക്കാർ ഉൾപ്പെടെ അതിരാവിലെ പുറത്തിറങ്ങുന്നവർ വെള്ളക്കെട്ടുകളിലും റോഡുകളിലും പൊട്ടിവീണ വൈദ്യുതി ലൈനുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമേ യാത്ര തുടരാവൂ. നിർമാണ തൊഴിലാളികളും കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവരും കാറ്റും മഴയും ശക്തമാകുന്ന ഘട്ടത്തിൽ ജോലി നിർത്തിവെച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.

Leave a Reply

Your email address will not be published. Required fields are marked *