
കേരളത്തിൽ മൂന്ന് ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; നിരവധി ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഇടിമിന്നലോടുകൂടിയ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഓറഞ്ച് അലർട്ട്
ജൂലൈ 30: ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ.
ജൂലൈ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ഓഗസ്റ്റ് 1: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
മഞ്ഞ അലർട്ട്
ജൂലൈ 30: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്.
ജൂലൈ 31: തൃശൂർ, പാലക്കാട്, മലപ്പുറം.
ഓഗസ്റ്റ് 1: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട്.
ഓഗസ്റ്റ് 2: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. നദിക്കരകൾ, അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ടോയെന്ന് ഉറപ്പാക്കി പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതാണ് ഉചിതം. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും സഹായം തേടാം.
ശക്തമായ കാറ്റിനും മുന്നറിയിപ്പ്
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മേൽക്കൂര ഉറപ്പില്ലാത്ത വീടുകളിലും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിലുമുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾ, പരസ്യബോർഡുകൾ എന്നിവ തകരാനുമുള്ള സാധ്യതയുള്ളതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
അനാവശ്യ യാത്രകൾ ഒഴിവാക്കുക
മഴ ശക്തമാകുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകളും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഒഴിവാക്കണം. നദികൾ മുറിച്ചുകടക്കുക, ജലാശയങ്ങളിൽ കുളിക്കുക, മീൻപിടിക്കുക, പാലങ്ങളിൽ കയറി കാഴ്ച കാണുക, സെൽഫി എടുക്കുക തുടങ്ങിയ അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

