പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി വന്നിരുന്ന നൂറോളം കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി.

കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി വന്നിരുന്ന നൂറോളം കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. വയനാട് സുൽത്താൻ ബത്തേരി മലവയൽ തൊവരിമല മൂർക്കൻ വീട്ടിൽ ഷംസാദ് (39) ആണ് പിടിയിലായത്. സിറ്റി ക്രൈം സ്ക്വാഡും ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ജൂൺ 26ാം തിയ്യതി ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംഘം ഓഫീസിൻ്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച പതിനായിരം രൂപ മോഷ്ടിച്ച കേസിലെ അന്വേഷണമാണ് പ്രതിയെ പിടി കൂടുന്നതിലേക്കെത്തിച്ചത്. രണ്ട് മാസം മുമ്പാണ് ഷംസാദ് ജയിലിൽ നിന്ന് മോചിതനായത്. അതിന് ശേഷം വിവിധ ജില്ലകളിലായി പതിനഞ്ചിലധികം സ്ഥലങ്ങളിൽ പള്ളികളിലെ നേർച്ചപ്പെട്ടികളും, സ്കൂൾ ഓഫീസുകളും കവർച്ച നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് പ്രതിക്കെതിരെയുള്ളത്. വിശദമായ ചോദ്യം ചെയ്യലിൽ പതിനഞ്ചിലധികം പുതിയ മോഷണക്കേസുകൾക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു. വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾ ഇയാളെ തിരയുന്നതിനിടയിലാണ് കോഴിക്കോട്സിറ്റി ക്രൈംസ്‌ക്വാഡിൻ്റെ വലയിലാവുന്നത്
കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ പള്ളികളിലെ നേർച്ചപ്പെട്ടികൾ ഇരുമ്പ് ദണ്ഡും കമ്പിപ്പാരയും ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.
മോഷ്ടിച്ച പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചിരുന്ന പ്രതി, മോഷണം ലക്ഷ്യമിടുന്ന പള്ളികളിൽ ആദ്യം ഭക്തനെന്ന വ്യാജേന എത്തി സാഹചര്യം വിലയിരുത്തിയ ശേഷമാണ് കവർച്ച നടത്തിയിരുന്നത്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും പിന്നീട് അടുത്ത മോഷണത്തിനായി വീണ്ടും കേരളത്തിലെത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതിയെന്നും
പോലീസ് വ്യക്തമാക്കി.
പ്രതിയെ പിടികൂടുന്നതിന് ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്‌ദുഹ്മാൻ,ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്,ഷാഫി പറമ്പത്ത്,ഷഹീർ പെരുമണ്ണ,ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം ,ബേപ്പൂർ പോലീസ് ഇൻസ്പെക്ടർ സുഭാഷ് എസ് ഐ മാരായ വിനോദ് കുമാർ,ഷാജു,ഷബീർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *