300 ക്രിമിനലുകൾ ലിസ്റ്റിൽ! അഴിഞ്ഞാടിയ ഗുണ്ടകളെയും തണലൊരുക്കിയ വമ്പന്മാരെയും ‘ഗ്രിപ്പിലാക്കാൻ’ ഓപ്പറേഷൻ ഗ്രിപ്പുമായി കേരള പോലീസ്

സംസ്ഥാനത്ത് അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങളുടെ വേരറുക്കാൻ ഉറച്ച് കേരള പോലീസ്. ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന വൻ പദ്ധതിയിലൂടെ 300 പ്രമുഖ ഗുണ്ടകളുടെ ഹിറ്റ്‌ലിസ്റ്റ് പോലീസ് തയ്യാറാക്കി. കഴിഞ്ഞ ഒരാഴ്ചയായി അതീവ രഹസ്യമായി നടന്നുവന്ന നീക്കങ്ങൾക്കൊടുവിലാണ് പോലീസിന്റെ ഈ പടപ്പുറപ്പാട്. ഗുണ്ടകൾക്ക് പിന്നിൽ കളിക്കുന്ന ‘വലിയ മീനുകളെ’ക്കുറിച്ചും വിവരങ്ങൾ ഇന്റലിജൻസിന് ലഭിച്ചു. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവർത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാൻ പൊലീസ് കോടതിയെ സമീപിക്കാനും നീക്കമാരംഭിച്ചു.ഗുണ്ടകളുടെ സ്പോൺസർമാരെ കുറിച്ച് ഇൻ്റലിജൻസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശത്രുക്കളെ വിരട്ടാനും വകവരുത്താനും ഗുണ്ടകൾക്ക് ചെലവാക്കുന്നത് കോടികളാണ്. മധ്യകേരളത്തിലെ വ്യവസായി ബെംഗളൂരുവിൽനിന്ന് ഗുണ്ടകളെ കൊണ്ടുവന്നതിൻ്റെ വിവരങ്ങൾ പൊലിസിന് ലഭിച്ചു. വിദേശത്തക്ക് ഗുണ്ടകളെ അയച്ചും കുടിപ്പക തീർക്കാൻ ശ്രമിച്ചു. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകൾക്കെതിരായ ഓപ്പറേഷൻ തൂഫാൻ്റെ മറവിൽ കൊച്ചിയിൽ നടന്ന ഗുണ്ടകളുടെ സംഗമത്തെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഓപ്പറേഷൻ ഗ്രിപ്പ് എന്ന പേരിൽ സംസ്ഥാന വ്യാപക ഗുണ്ടാവേട്ട ആണ് കേരള പൊലീസ് ആരംഭിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷൻ നടത്തുന്നത്. അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലുമായി 21 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാനത്തെ ഗുണ്ടാ ബന്ധമുള്ളവർ, കാപ്പാ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവർ, റൗഡി ലിസ്റ്റിൽ പെട്ടവർ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവ‍രുമായി അടുപ്പമുള്ളവരും സഹായം നൽകുന്നവരും പൊലീസിൻ്റെ നിരീക്ഷണത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *