
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു. കൃത്യമായ ചികില്‍സ ലഭിക്കാത്തതുമൂലം രോഗിയുടെ ജീവന്‍ നഷ്ടമായെന്നാണ് പരാതി. പക്ഷാഘാതത്തിന് ചികില്‍സയ്‌ക്കെത്തിയ സുകുമാര പിള്ള(87) എന്നയാളാണ് കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലിരിക്കേ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അപകടം. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കട്ടിലില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്നാണ് സുകുമാര പിള്ള മരിച്ചതെന്ന് കുടുംബം ആരോപിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയാണ് സുകുമാരപിള്ള. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തിട്ടുണ്ട്. പരിക്ക് പറ്റിയ ശേഷം ചികില്‍സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം. തിരുവോണ ദിവസമാണ് പക്ഷാഘാതം ഉണ്ടായത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി ഈ മാസം 26നാണ് സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തുടര്‍ന്ന് ചികില്‍സയില്‍ കഴിയവെ 29ാം തീയതി കട്ടിലില്‍ നിന്നും താഴെ വീണു. തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. അതുവരെ സംസാരിച്ചിരുന്ന സുകുമാരപിള്ള പിന്നീട് സംസാരിക്കാതെയായെന്ന് കുടുംബം പറയുന്നു. അവശ നിലയിലായിട്ടും ഐസിയുവിലേക്ക് മാറ്റിയില്ല. കട്ടിലില്‍ നിന്ന് വീണ് തല മുറിഞ്ഞപ്പോള്‍ സ്റ്റിച്ചിട്ടത് അതേ ബെഡില്‍ വെച്ചാണെന്നും ആരോപണമുണ്ട്. ഹാന്‍ഡ് റെയിലുള്ള കട്ടില്‍ നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും മകള്‍ ശ്യാമള ദേവി പറഞ്ഞു. അതേസമയം, സുകുമാര പിള്ളയെ ചികില്‍സിച്ചതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രതികരിച്ചു. സേഫ്റ്റി റൈലിങ് ഉള്ള ബെഡ് ഒഴിവ് ഉണ്ടായിരുന്നില്ല. ഹാന്‍ഡ് റെയില്‍ ഉള്ള കട്ടില്‍ നല്‍കുന്നതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് നല്‍കാതെ ഇരുന്നത്. രോഗിയുടെ മരണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല. രോഗിക്ക് ഒപ്പം രണ്ട് ബന്ധുക്കള്‍ ഉണ്ടായിരുന്നു. ഇവര്‍ ഒപ്പമില്ലാത്ത സമയത്താണ് രോഗി വീണത്. വീണ ഉടന്‍ തന്നെ രോഗിക്ക് ചികില്‍സ നല്‍കിയിരുന്നു. രോഗിയെ ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ നിന്ന് ഒരു പിഴവും ഉണ്ടായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടത് ഡോക്ടറാണ്. ബന്ധുക്കള്‍ പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നാണ് പറഞ്ഞതെന്നും സൂപ്രണ്ട് അറിയിച്ചു.


