
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂള്‍ വികസന പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ഫണ്ടുകള്‍ നേടിയെടുക്കുക എന്നത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുൻ എല്‍ഡിഎഫ് സർക്കാർ ഇതിനകം ഒപ്പിട്ട കരാറില്‍ നിന്നും ഇപ്പോള്‍ പെട്ടെന്ന് പിന്നോട്ടു പോകുന്നത് സാധ്യമല്ലെന്നും മുന്നണി യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.പദ്ധതിയുടെ ഭാഗമായി ഏതെല്ലാം പൊതുവിദ്യാലയങ്ങളെയാണ് ഉള്‍പ്പെടുത്തേണ്ടതെന്നും നടപ്പിലാക്കേണ്ടതെന്നും സർക്കാർ തീരുമാനിക്കും. കേന്ദ്ര ഫണ്ട് കൃത്യമായി വിനിയോഗിച്ച് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുമാനം.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഈടാക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനായി യുഡിഎഫ് പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷ ഏകോപനവും പ്രവർത്തനങ്ങളും കൂടുതല്‍ ഊർജ്ജസ്വലമാക്കാൻ ഇനി മുതല്‍ എല്ലാ മാസവും പതിവായി യുഡിഎഫ് യോഗം ചേരാനും തീരുമാനമായി.

