
കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്.

ഒക്ടോബർ 18ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 19ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒക്ടോബർ 21ന് ഈ ജില്ലകൾക്കൊപ്പം പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്.
ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ ജാഗ്രത
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്ഭാഗങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ദുരന്തസാധ്യതയുള്ള മേഖലകളിലുള്ളവർ പകൽസമയത്ത് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിർദേശമുണ്ട്.

