മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ മത്സരത്തിനിടെ വിദ്യാർത്ഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു.

മലപ്പുറം: മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ മത്സരത്തിനിടെ വിദ്യാർത്ഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാവനൂർ ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയും കാവനൂർ സ്വദേശിയുമായ ഷിനാസ് (18) ആണ് ദാരുണമായി മരണപ്പെട്ടത്. കാവനൂർ 12-ൽ കാഞ്ഞിരപ്പള്ളി ഷംസുദ്ദീൻ – കോറളിയാടൻ റസിയ ദമ്പതികളുടെ മകനാണ് ഷിനാസ്. കാവനൂർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സ്കൂൾ ഫുട്ബോൾ ടീം സെലക്ഷന്റെ ഭാഗമായുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. കളി ആരംഭിച്ച് ഏകദേശം നാല് മിനിറ്റിനുള്ളിൽ തന്നെ ഷിനാസ് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്നവരും അധികൃതരും ചേർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മുൻ വർഷങ്ങളിലും സ്കൂൾ ഫുട്ബോൾ ടീമിലെ സജീവ അംഗമായിരുന്നു മരിച്ച ഷിനാസ്. കായികരംഗത്ത് മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടൊട്ടുക്കും സഹപാഠികളും.

Leave a Reply

Your email address will not be published. Required fields are marked *