ഇത്തവണ മഴ നേരത്തെ എത്തും; മെയ് 26-ഓടെ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. മെയ് 26-ഓടെ കേരളത്തിൽ കാലവർഷം എത്താനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രവചനത്തിൽ നാല് ദിവസത്തെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ മെയ് 22-നും മെയ് 30-നും ഇടയിലുള്ള ഏത് ദിവസവും കാലവർഷം കേരളത്തിൽ എത്തിയേക്കാം. കഴിഞ്ഞ വർഷം മെയ് 24-നായിരുന്നു സംസ്ഥാനത്ത് കാലവർഷം എത്തിയത്. അതേസമയം സംസ്ഥാനത്ത് വേനൽമഴ ശക്തമാകുകയാണ്. ഇന്ന് (15/05/26) ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *