
കേരളത്തിൽ വേനൽമഴ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും വെള്ളക്കെട്ടിനും ചെറിയ തോതിലുള്ള മണ്ണിടിച്ചിലുകൾക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഉത്തര കർണാടകത്തിൽ നിന്ന് മന്നാർ ഉൾക്കടൽ വരെയുള്ള പ്രദേശങ്ങളിലൂടെ ദക്ഷിണ കർണാടകത്തിനും തമിഴ്നാടിനും മുകളിലൂടെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഈ അന്തരീക്ഷ സാഹചര്യം കേരളത്തിലേക്ക് കൂടുതൽ ഈർപ്പമുള്ള കാറ്റ് എത്തിക്കുന്നതിനാൽ മെയ് 14 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. പ്രത്യേകിച്ച് മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാകും മഴ കൂടുതൽ ശക്തമാകാൻ സാധ്യത. വൈകുന്നേരവും രാത്രിയുമായി ഇടിയോടുകൂടിയ മഴ അനുഭവപ്പെടാൻ സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാളെ (ചൊവ്വാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും വ്യാപക മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് പുറമെ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ഉയരം കൂടിയ മരങ്ങൾക്കും വൈദ്യുതി പോസ്റ്റുകൾക്കും സമീപം അഭയം തേടരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

